Connect with us

Kerala

നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ഭേദഗതിക്ക് യു ഡി എഫ് ഉപസമിതി

Published

|

Last Updated

തിരുവനന്തപുരം: നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് യു ഡി എഫ് ഉന്നതാധികാര സമിതി യോഗം. ഇതിനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉപസമിതിയെ നിയോഗിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനങ്ങള്‍ക്കുള്ള പ്രായപരിധി ഉയര്‍ത്താനും യു ഡി എഫ് യോഗം സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു.
നിയമനങ്ങളിലെ പൊതു ഒഴിവുകള്‍ക്ക് ഉയര്‍ന്ന പ്രായപരിധി 36 എന്നത് 41 വയസ്സായും എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്യപ്പെട്ട ഒഴിവുകള്‍ക്ക് ഉയര്‍ന്ന പ്രായപരിധി 41ല്‍ നിന്ന് 46 ആയും ഒ ബി സി ഉള്‍പ്പെടെ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്യപ്പെട്ട ഒഴിവുകള്‍ക്ക് 39ല്‍ നിന്ന് 44 ആയും ഉയര്‍ത്താനാണ് ശിപാര്‍ശ.
തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ യു ഡി എഫ് ഉന്നതാധികാര സമിതി അതേപടി അംഗീകരിച്ചതായി കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനമനുസരിച്ച് മിക്ക സംസ്ഥാന സര്‍ക്കാറുകളും നിയമന പ്രായപരിധിയില്‍ ഇളവ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഓപ്പണ്‍ വിഭാഗത്തിലെ സംവരണാനുകൂല്യത്തിന് അര്‍ഹതയില്ലാത്തവരെ 36 വയസ്സ് കഴിയുമ്പോള്‍ അയോഗ്യരാക്കുന്നെന്ന് വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് എല്ലാ വിഭാഗക്കാര്‍ക്കും അഞ്ച് വയസ്സിന്റെ ഇളവ് നല്‍കാനുള്ള ശിപാര്‍ശ.
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലെ ഭേദഗതി സംബന്ധിച്ചുള്ള യു ഡി എഫ് നിര്‍ദേശങ്ങള്‍ തയ്യാറാക്കി സര്‍ക്കാറിന് നല്‍കാനാണ് ഉപസമിതി. യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അധ്യക്ഷനായ കമ്മിറ്റിയില്‍ ആര്‍ ബാലകൃഷ്ണ പിള്ള, രാജന്‍ബാബു, ജോയ് എബ്രഹാം, കെ പി എ മജീദ്, ജോണി നെല്ലൂര്‍, കെ ആര്‍ അരവിന്ദാക്ഷന്‍, സി വി പത്മരാജന്‍, ചവറ വാസുപിള്ള എന്നിവര്‍ അംഗങ്ങളാണ്. ഭേദഗതി സംബന്ധിച്ച കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ മന്ത്രിസഭാ സബ് കമ്മിറ്റിയെ അറിയിക്കും.
2008ലെ നെല്‍വയല്‍ സംരക്ഷണ നിയമത്തിലെ ബി ടി ആര്‍ രജിസ്റ്ററിലെ അപാകതകള്‍ പരിഹരിക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരാന്‍ റവന്യൂമന്ത്രിയോട് ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപാന്തരം വന്ന ഭൂമിയാണെങ്കിലും ആധാരങ്ങളില്‍ നിലം എന്ന് രേഖപ്പെടുത്തിയത് മൂലം കെട്ടിടങ്ങളും വീടുകളും നിര്‍മിക്കാന്‍ പ്രായോഗിക തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ഇത് നീക്കാന്‍ നടപടിയെടുക്കണം. ഇത്തരം കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരില്‍ ആര്‍ക്കാണ് അധികാരം എന്നത് സംബന്ധിച്ച് നിയമത്തില്‍ വ്യക്തത വരുത്തണം.
സ്ഥലത്തിന്റെ ഫെയര്‍വാല്യൂ നിശ്ചയിക്കുന്നതിലുള്ള അപാകത പ്രാദേശികമായി പരിഹരിക്കാനും ശിപാര്‍ശകള്‍ നടപ്പിലാക്കാനും തഹസില്‍ദാര്‍, സബ് രജിസ്ട്രാര്‍ ഉള്‍പ്പെടുന്ന പ്രാദേശിക കമ്മിറ്റികള്‍ രൂപവത്കരിക്കണം. ശിപാര്‍ശകള്‍ പ്രകാരം വിലയില്‍ മാറ്റം വരുത്താന്‍ ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തണം. റബ്ബറിന്റെ വിലയിടിവ് പിടിച്ചുനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ട് അതേപടി സ്വീകരിക്കുന്നത് പ്രായോഗികമല്ല. ഇക്കാര്യത്തിലുള്ള ഭേദഗതികള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും യു ഡി എഫ് ആവശ്യപ്പെട്ടു.