Connect with us

Wayanad

അമ്പലവയല്‍ ഗ്രാമപഞ്ചായത്തും സ്മാര്‍ട്ടാകുന്നു; കമ്പ്യൂട്ടര്‍വത്കൃത ഓഫീസ് ഉദ്ഘാടനം നാളെ

Published

|

Last Updated

കല്‍പറ്റ: അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ ജനന, മരണ സര്‍ട്ടിഫിക്കറ്റുകളും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍ ലഭ്യമാകുമെന്ന് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
32 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച പഞ്ചായത്ത് ഓഫീസില്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നവീകരിച്ച കംപ്യൂട്ടര്‍വത്കൃത ഓഫീസിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്നിന് പട്ടികവര്‍ഗ, യുവജനക്ഷേമമന്ത്രി പി.കെ. ജയലക്ഷ്മി നിര്‍വഹിക്കും. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. നിലവില്‍ 2006 മുതലുള്ള ജനന, മരണ സര്‍ട്ടിഫിക്കറ്റുകളാണ് ഓണ്‍ലൈന്‍ വഴി ലഭ്യമാവുക. ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാനും ഓണ്‍ലൈന്‍ വഴി സര്‍ട്ടിഫിക്കറ്റുകളുടെ പ്രിന്റ് ഔട്ട് എടുക്കാനും സാധ്യമാകും. മൂന്നുമാസത്തിനുള്ളില്‍ 1970 മുതലുള്ള ജനന – മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കും. ഇന്റര്‍നെറ്റ് സൗകര്യമുള്ളവര്‍ക്ക് വീട്ടിലിരുന്ന് തന്നെ സര്‍ട്ടിഫിക്കറ്റുകളുടെ പിന്റ് ഔട്ട് എടുക്കാന്‍ കഴിയും.
വസ്തുനികുതിയുമായി ബന്ധപ്പെട്ട സഞ്ചയ സോഫ്റ്റ് വെയര്‍ പൂര്‍ത്തിയാക്കിയാല്‍ ഉടമസ്ഥ സര്‍ട്ടിഫിക്കറ്റ്, സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയും ഓണ്‍ലൈന്‍ വഴിയാക്കും.
പഞ്ചായത്ത് ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ഇരിപ്പിട സൗകര്യവും കുടിവെള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഫീസിന് പുറത്തുതന്നെ ടോയ്‌ലറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നുലക്ഷം രൂപ ചെലവിലാണ് ടോയ്‌ലറ്റ് ബ്ലോക്ക് നിര്‍മിച്ചത്.
രണ്ടാം നിലയിലേക്ക് കയറാന്‍ പടികളില്ലാത്ത പാസേജ് സൗകര്യം പുറമേ നിന്ന് ഏര്‍പ്പെടുത്തി. പത്തുലക്ഷത്തിലേറെ രൂപ ചെലവഴിച്ച് ഓഫീസ് കൗണ്ടറുകളും ഫ്രണ്ട് ഓഫീസും നവീകരിച്ചിട്ടുണ്ട്.
നാളെ നടക്കുന്ന ചടങ്ങില്‍ ഒന്നാം നില പാസേജ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ശശി നിര്‍വഹിക്കും. പരിഷ്‌കരിച്ച പൗരാവകാശ രേഖ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. വിജയ പ്രകാശനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.യു. ജോര്‍ജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റീന ഗോപാലകൃഷ്ണന്‍, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.പി. വര്‍ഗീസ്, മെമ്പര്‍മാരായ കെ. ഷമീര്‍, പുഷ്പ ശശി, സുബൈദ എന്നിവര്‍ പങ്കെടുത്തു.

Latest