Connect with us

National

ആധാര്‍ ഉത്തരവിനെതിരെ എണ്ണകമ്പനികള്‍ സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന ഉത്തരവ് പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പൊതുമേഖലാ എണ്ണ കമ്പനികള്‍ സുപ്രീം കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനാല്‍ പൗരന്‍മാര്‍ ബുദ്ധിമുട്ടുന്നതായി സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോള്‍ കോര്‍പ്പറേഷന്‍ എന്നീ കമ്പനികളാണ് അടിയന്തരമായി പരിഗണിക്കണമെന്ന് അഭ്യര്‍ഥിച്ച് ചീഫ് ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് എന്നിവരടങ്ങിയ ബഞ്ചിന് മുമ്പാകെ ഹരജി സമര്‍പ്പിച്ചത്. നാളെ ഇതിനു സമാനമായ പെട്രോളിയം മന്ത്രാലയത്തിന്റെ ഹരജി സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ നാഗേശ്വര്‍ റാവു മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്. സബ്‌സിഡി നിരക്കില്‍ പാചക വാതകം ലഭിക്കാന്‍ ആധാര്‍ എന്റോള്‍ ചെയ്ത പൗരന്‍മാരില്‍ വലിയ സംശയവും ആശയക്കുഴപ്പവും അനിശ്ചിതാവസ്ഥയുമാണ് സുപ്രീം കോടതി വിധി ഉണ്ടാക്കിയതെന്നാണ് കമ്പനികളുടെ പ്രധാന വാദം. പാചക വാതകത്തിന്റെ സബ്‌സിഡി തുക നേരിട്ട് ബേങ്കില്‍ നിക്ഷേപിക്കുന്ന സംവിധാനം 54 ജില്ലകളില്‍ വിജയകരമായി പ്രവര്‍ത്തിക്കുകയാണ്. പഴയ സംവിധാനം ഇവിടങ്ങളില്‍ പൂര്‍ണമായും നിര്‍ത്തലാക്കി. 235 ജില്ലകളെ കൂടി പദ്ധതിക്ക് കീഴില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായും കമ്പനികള്‍ ഹരജിയില്‍ പറയുന്നു.

ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്കേ ആനുകൂല്യം ലഭിക്കുകയുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടതിനാല്‍ സുപ്രീം കോടതി വിധിയില്‍ വ്യക്തതയോ പരിഷ്‌കരണമോ വരുത്തണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം സമര്‍പ്പിച്ച ഹരജി നാളെ കോടതി പരിഗണിക്കുന്നുണ്ട്. സബ്‌സിഡിയില്ലാതെ പാചക വാതക സിലിന്‍ഡറുകള്‍ വാങ്ങുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്നും എന്നാല്‍ സബ്‌സിഡി സിലിന്‍ഡറിന് ആധാര്‍ നിര്‍ബന്ധമാണെന്നും ഉത്തരവിട്ടതായി ഹരജിയില്‍ പറയുന്നു. സബ്‌സിഡി തുക നേരിട്ട് ബേങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന പദ്ധതിയുടെ വിജയത്തിന് ആധാര്‍ കാര്‍ഡ് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. അതിനാല്‍ സെപ്തംബര്‍ 23ലെ സുപ്രീം കോടതി വിധിയില്‍ വ്യക്തതയോ പരിഷ്‌കാരമോ വരുത്താന്‍ അഭ്യര്‍ഥിക്കുകയാണ്. ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതക സിലിന്‍ഡര്‍ ആര്‍ക്കും നിഷേധിക്കരുതെന്നും സബ്‌സിഡി സിലിന്‍ഡറുകള്‍ കരിഞ്ചന്തയിലേക്ക് പോകാതിരിക്കുന്നതിന് ഈ സംവിധാനം നിലനിര്‍ത്താന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നും പ്രസ്താവിക്കാനാണ് മന്ത്രാലയം നല്‍കിയ ഹരജിയില്‍ അഭ്യര്‍ഥിക്കുന്നത്.