Connect with us

Editors Pick

അലങ്കാര പ്രാവുകള്‍ വാങ്ങിയവര്‍ ഭീതിയുടെ മാനത്ത്‌

Published

|

Last Updated

മലപ്പുറം: മോഹവില കൊടുത്ത് പ്രാവുകളെ വാങ്ങിയവര്‍ നിലയില്ലാ കയത്തില്‍. കേരളത്തില്‍ ഈയടുത്ത കാലത്തായി റോക്കറ്റ് കണക്കെ കുതിച്ച അലങ്കാര പ്രാവ് കച്ചവട വിപണി അഞ്ച് മാസത്തോളമായി സ്തംഭനാവസ്ഥയിലാണ്. ലക്ഷങ്ങള്‍ മുടക്കി പ്രാവുകളെ വാങ്ങിയവര്‍ ഇനി എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ്.
വന്‍ ലാഭം പ്രതീക്ഷിച്ച് പ്രാവ് കമ്പം പോലുമില്ലാത്തവര്‍, സ്വര്‍ണം പണയം വെച്ചും ലോണെടുത്തും വരെ പ്രാവുകളെ വാങ്ങിയവര്‍ ഇക്കൂട്ടത്തിലുണ്ട്. രണ്ട് വര്‍ഷം മുമ്പ് വരെ പ്രാവിന് കേരളത്തിലും അന്യ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലും വന്‍ ഡിമാന്‍ഡായിരുന്നു. ഈ കാലയളവുകളില്‍ പ്രാവുകളെ വളര്‍ത്തിയവര്‍ ലക്ഷങ്ങളാണ് സമ്പാദിച്ചത്. ഇതു കണ്ടാണ് കേരളത്തിലുടനീളം യുവാക്കളും പ്രവാസികളും വന്‍ തുകകള്‍ കൊടുത്ത് പ്രാവുകളെ വാങ്ങിക്കൂട്ടിയത്.
ഒരു ജോഡിക്ക് ഒരു ലക്ഷം വിലവരുന്ന ജര്‍മന്‍ ടമ്പട്ടര്‍, മുപ്പതിനായിരം രൂപ വിലയുള്ള മേപ്പി പൗട്ടര്‍, ഇരുപത്തി അയ്യായിരം രൂപ വിലയുള്ള ഹെവി കിംഗ്, പതിനയ്യായിരം രൂപക്ക് മേല്‍ വിലയുള്ള ജാക്കോബിന്‍, പതിനായിരം രൂപ വരെ വിലയുള്ള മൊതീന, ചൈനീസ് ഓള്‍ഡ് എന്നിങ്ങനെ ഇരുപത്തഞ്ചിലധികം വ്യത്യസ്ത ഇനങ്ങളിലുള്ള പ്രാവുകളാണ് പലരുടെയും ശേഖരത്തിലുള്ളത്. എന്നാല്‍ ഒരു ലക്ഷം രൂപ വിലയുണ്ടായിരുന്ന ജര്‍മന്‍ ടമ്പട്ടറിന് ഇപ്പോള്‍ പതിനായിരം രൂപ വരെയായി. മുപ്പതിനായിരം രൂപ വിലയുണ്ടായിരുന്ന മേപ്പി പൗട്ടറിന് അയ്യായിരം പോലും ലഭിക്കുന്നില്ല. കിംഗിന് ഇരുപത്തി അയ്യായിരത്തില്‍ നിന്നും വെറും മൂവായിരം രൂപ വരെയായി. സാധാരണക്കാരുടെ പ്രാവ് ഇനമായ സിറാസറിന് മുവ്വായിരം രൂപയുണ്ടായിരുന്നത് എണ്ണൂറ് രൂപയിലെത്തി. എന്നാല്‍ ഈ വിലക്ക് പോലും ഇപ്പോള്‍ ആരും പ്രാവുകളെ വാങ്ങാന്‍ തയ്യാറാകുന്നില്ലെന്ന് പ്രാവ് കര്‍ഷകനായ ഓസ്‌കാര്‍ ഫിറോസ് സിറാജിനോട് പറഞ്ഞു.
ദിവസം തോറും അലങ്കാര പ്രാവ് വിപണി തളരുകയാണ്. ഒരേ ഇനത്തില്‍ തന്നെയുള്ള ഇരുപത്തഞ്ചോളം ജോഡികള്‍ വരെ ചിലരുടെ ശേഖരത്തിലുണ്ട്. ഇങ്ങനെ മുന്നൂറിലധികം പ്രാവുകള്‍ വരെ ചില പ്രാവ് കര്‍ഷകരുടെ ഫാമുകളിലുണ്ട്.
നിലക്കടലയും ഗ്രീന്‍പീസും ചെറുപയറും ചോളവും കമ്പവും തുടങ്ങിയ മുന്തിയ ഇനം തീറ്റകള്‍ നല്‍കി രാജകീയ പ്രൗഢിയോടെ വളര്‍ത്തിയിരുന്ന ഇവക്ക് ഇപ്പോള്‍ ഗോതമ്പും റേഷന്‍ അരിയും നല്‍കേണ്ട അവസ്ഥയാണ്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് കേരളത്തില്‍ ലക്ഷക്കണക്കിന് പ്രാവുകളാണ് കര്‍ഷകരുടെ ഫാമില്‍ വിരിഞ്ഞിറങ്ങിയത്. എന്നാല്‍ മഴക്കാലത്ത് പെട്ടെന്ന് രോഗം പിടിപെട്ട് ചത്തൊടുങ്ങിയിരുന്ന പ്രാവുകള്‍ കഴിഞ്ഞ വേനല്‍ അനുകൂലമായതിനാല്‍ എല്ലാം തന്നെ വളര്‍ന്നു.
മുന്തിയ ഇനം പ്രാവുകളുടെ മുട്ടകള്‍ നാടന്‍ പ്രാവുകള്‍ക്ക് അടവെച്ച് വിരിയിക്കുന്ന സമ്പ്രദായം വര്‍ധിച്ചതോടെ നാല് മാസത്തിനുള്ളില്‍ തന്നെ ഒരു ജോടിയില്‍ നിന്നും മൂന്ന് ജോടികള്‍ വരെ വിരിഞ്ഞിറങ്ങി. ഇങ്ങനെ എല്ലാ കര്‍ഷകരിലും നൂറുകണക്കിന് പ്രാവുകളാണ് വിരിഞ്ഞിറങ്ങിയത്. പ്രാവ് വളര്‍ത്തല്‍ ഒരു കാര്‍ഷികവൃത്തിയായി സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാല്‍ ഇനി എന്തുചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് പ്രാവ് കര്‍ഷകര്‍.