Connect with us

Malappuram

തൊഴില്‍ വകുപ്പിന്റെ നിര്‍മാണ പ്രവൃത്തികള്‍ ഇനി പൊതുമരാമത്തിനെ ഏല്‍പ്പിക്കില്ല: മന്ത്രി ഷിബു ബേബി ജോണ്‍

Published

|

Last Updated

നിലമ്പൂര്‍: തൊഴില്‍ വകുപ്പിനു കീഴിലുള്ള നിര്‍മാണ പ്രവൃത്തികള്‍ ഇനി മുതല്‍ പൊതുമരാമത്ത് വകുപ്പിന് നല്‍കില്ലെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. നിലമ്പൂരില്‍ ഗവ. ഐ ടി ഐക്ക് സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് പുതിയതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
1995ല്‍ നിലമ്പൂരില്‍ അനുവദിച്ച ഗവ.ഐ ടി ഐക്ക് നീണ്ട 18 വര്‍ഷം വേണ്ടി വന്നു സ്വന്തമായി കെട്ടിടം ഉണ്ടാകാന്‍ എന്നത് വലിയ നിര്‍ഭാഗ്യകരമായിപ്പോയെന്ന് പറഞ്ഞ മന്ത്രി പിന്നീടാണ് ഇനി മുതല്‍ പൊതുമരാമത്ത് വകുപ്പിനെ കെട്ടിടനിര്‍മാണം ഏല്‍പ്പിക്കില്ലെന്ന് പറഞ്ഞത്. നിര്‍മ്മാണങ്ങള്‍ ഇത്രയും വൈകുന്ന സാഹചര്യത്തിലാണ് ഇക്കാര്യം തീരുമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഐ ടി ഐ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. വരുന്ന ജനവരിയില്‍ ഇതിനു തുടക്കം കുറിക്കും. ഓരോ ഐ ടി ഐയും ഓരോ വ്യവസായശാലകള്‍ എാറ്റെടുത്ത് പ്രവര്‍ത്തനം വിപുലമാക്കും.
അവിടെത്തന്നെ തൊഴില്‍ സാധ്യതകള്‍ കണ്ടെത്താനുള്ള ശ്രമങ്ങളും നടത്തും. തൊഴില്‍ രഹിതരായവര്‍ക്ക് അവസരമുണ്ടാക്കാനായി നിലമ്പൂരില്‍ ജോബ് ഫെയര്‍ നടത്തും. സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളെ എംപ്ലോയബിലിറ്റി കേന്ദ്രങ്ങളാക്കാനുള്ള പദ്ധതികളും നടപ്പാക്കിവരുന്നുണ്ട്. നിലവില്‍ മൂന്ന് ജില്ലകളില്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. ഭാവിയില്‍ നിലമ്പൂരിലും ഇത് നടപ്പാക്കും. ഐ ടി ഐ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എാതാനും എന്‍ജിനീയറിംഗ് കോളജുകള്‍ പൂട്ടിപ്പിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിച്ചു. പുതിയ കോഴ്‌സുകള്‍ ഉടന്‍ തുടങ്ങാനുള്ള നടപടികള്‍ ഉണ്ടാവണമെന്നും മന്ത്രി ആര്യാടന്‍ ആവശ്യപ്പെട്ടു. പുതിയതായി നിര്‍മിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം പി. എം ഐ ഷാനവാസ് നിര്‍വ്വഹിച്ചു. നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. പി വി അബ്ദുള്‍ വഹാബ് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗങ്ങളായ കെ പി ജല്‍സീമിയ, എം.എ. റസാഖ്, കെ എസ് വിജയം, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പവല്ലി, പാലോളി മെഹബൂബ്, മുജീബ് ദേവശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. കെ പി ശിവശങ്കരന്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ ഷമ്മി ബേക്കര്‍ നന്ദിയും പറഞ്ഞു.