Connect with us

Malappuram

തിരൂര്‍ ഡയാലിസിസ് സെന്റര്‍: സര്‍വകക്ഷി യോഗം തെരുവ് യുദ്ധമായി

Published

|

Last Updated

തിരൂര്‍: ഡയാലിസിസ് സെന്റര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് തിരൂരില്‍ വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷി യോഗം അക്രമത്തില്‍ കലാശിച്ചു. ജില്ലാ ആശുപത്രി റോഡിലടക്കം ഗതാഗതം സ്തംഭിച്ചു ഇന്നലെ നടന്ന തെരുവ് യുദ്ധം നാട്ടുകാരെയും ഭീതിയിലാഴ്ത്തി. യോഗ വേദിയിലിരിക്കുകയായിരുന്ന ഇ ടി മുഹമ്മദ് ബശീര്‍ എം പി, സി മമ്മൂട്ടി എം എല്‍ എ തുടങ്ങിയവര്‍ തലനാരിഴക്കാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കല്ലേറിലും കസേരയേറിലുമായി മുന്‍ നഗരസഭാ അധ്യക്ഷനടക്കം നിരവധി പേര്‍ക്ക് പരുക്കുണ്ട്. എസ് ഐ വാസുവിന് നേരെ കയേറ്റമുണ്ടായി. ജില്ലാ ആശുപത്രിയില്‍ സജ്ജീകരിച്ച ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കാനും ഉപകരണങ്ങള്‍ കൊണ്ടു പോയതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നാട്ടുകാരെ ബോധ്യപ്പെടുത്താനുമാണ് ഇന്നലെ തിരൂര്‍ ജി എം യു പി സ്‌കൂളില്‍ യോഗം വിളിച്ചു ചേര്‍ത്തത്. നേരത്തെ മുനിസിപ്പല്‍ സാംസ്‌കാരിക സമുച്ചയത്തില്‍ ചേരാനുദ്ദേശിച്ച യോഗം സ്‌കൂളിലേക്ക് മാറ്റുകയായിരുന്നു.
രാവിലെ 10.30 ന് ആരംഭിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ സ്വാഗതം പറഞ്ഞയുടനെയാണ് സംഘര്‍ഷം തുടങ്ങിയത്. സദസ്സില്‍ നിന്ന് ഒരു ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ പ്രതിഷേധവുമായി എഴുന്നേറ്റതോടെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ തടയാന്‍ശ്രമിച്ചു. ഇതോടെയാണ് വാക്കേറ്റം ആരംഭിച്ചത്. പിന്നീട് പരസ്പരം തെറിയഭിഷേകവും ഉന്തും തള്ളുമായി. വിരലിലെണ്ണാവുന്ന പോലീസുകാര്‍ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ.അവര്‍ എത്തി തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പൊരിഞ്ഞ തല്ലായിരുന്നു. ഹാളിലെ കസേരകള്‍ പ്രവര്‍ത്തകര്‍ ആയുധമായി ഉപയോഗിച്ചു. കസേരകള്‍ എറിയാന്‍ തുടങ്ങിയതോടെ വേദിയിലുള്ള നേതാക്കളും ഭയവിഹ്വലരായി.
ഇ ടി മുഹമ്മദ് ബശീര്‍ എം പി, സി മമ്മൂട്ടി എം എല്‍ എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു,നഗരസഭാ അധ്യക്ഷ കെ സഫിയ തുടങ്ങിയ നിരവധി പേര്‍ വേദിയിലുണ്ടായിരുന്നു. കസേരകള്‍ വേദിയിലേക്ക് വായുവിലൂടെ വരാന്‍ തുടങ്ങിയതോടെ ലീഗ് പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ത്തു. മുന്നില്‍ നില്‍ക്കുകയായിരുന്ന നഗരസഭാ മുന്‍ അധ്യക്ഷന്‍ കണ്ടാത്ത് കുഞ്ഞിപ്പ, മുന്‍ നഗരസഭാംഗം ആലി ഹാജി, കല്‍പ ബാവ, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സിറാജുദ്ദീന്‍ എന്നിവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പിന്നീട് പോലീസും മറ്റും ചേര്‍ന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ പുറത്താക്കി ഗേറ്റടക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കല്ലേറും തുടങ്ങി. പുറത്ത് നിന്ന് കല്ലേറും ഉള്ളില്‍ നിന്ന് കസേരയേറുമായതോടെ യാത്രക്കാരും കുടുങ്ങി. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രി അധികൃതരും ബുദ്ധിമുട്ടി.
ഒരുമണിക്കറോളം നീണ്ടു നിന്ന തെരുവ് യുദ്ധം അവസാനിച്ചപ്പോഴാണ് ഗതാഗതവും നേരെയായത്. പ്രശ്‌നം വേണ്ട വിധം കൈകാര്യം ചെയ്യാന്‍ പോലീസിന് കഴിയാത്തതാണ് രംഗം വഷളാക്കിയത്. പിന്നീട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരും യൂത്ത് ലീഗ് പ്രവര്‍ത്തകരും ടൗണില്‍ പ്രകടനം നടത്തി.