ഭൂമി തട്ടിപ്പ്: പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും സലീം രാജിനെ ഒഴിവാക്കി

Posted on: October 1, 2013 9:38 pm | Last updated: October 1, 2013 at 9:38 pm

saleem rajകൊച്ചി: ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനെ ഒഴിവാക്കി. ഭൂമി തട്ടിപ്പ് ആരോപിച്ച് സലീം രാജിനെതിരേ ഹൈക്കോടതിയില്‍ പരാതി നല്‍കിയ ആലുവ പത്തടിപ്പാലം സ്വദേശി ഷെരീഫിന്റെ മകന്‍ നിസാര്‍ നല്‍കിയ പരാതിയിലാണ് സലീം രാജിനെ പോലീസ് ഒഴിവാക്കിയത്. കളമശേരി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തട്ടിപ്പു നടന്ന ഭൂമി തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഓഫീസിന്റെ പരിധിയിലാണ്. ഇവിടുത്തെ വില്ലേജ് ഓഫീസറെയും ജീവനക്കാരെയും കേസില്‍ പ്രതിചേര്‍ത്ത പോലീസ് സലീം രാജിനെ ഒഴിവാക്കുകയായിരുന്നു. ഈ കേസില്‍ ഹൈക്കോടതി സര്‍ക്കാരിനും ഡി ജി പിക്കുമെതിരേ രൂക്ഷ വിമര്‍ശനവും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലും സലീം രാജിനെ ഒഴിവാക്കിയതായി വിവരം പുറത്തുവരുന്നത്.

തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജു അലക്‌സാണ്ടര്‍ ആണ് കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.