പൂക്കാടന്‍ കോളനിയില്‍ രമേശ് ചെന്നിത്തല ജനസമ്പര്‍ക്ക പരിപാടി നടത്തും

Posted on: October 1, 2013 1:47 am | Last updated: October 1, 2013 at 1:47 am

പട്ടാമ്പി: വിളയൂര്‍ പഞ്ചായത്തിലെ കരിങ്ങനാട് പൂക്കാടന്‍ കുന്ന് ഹരിജന്‍ കോളനിയില്‍ നാളെ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പട്ടികജാതി കോളനി സമ്പര്‍ക്ക പരിപാടി നടക്കുമെന്ന് സി പി മുഹമ്മദ് എം എല്‍ എ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ പത്തിന് കരിങ്ങനാട് സെന്ററില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചെന്നിത്തലയെ കോളനിയിലേക്ക് സ്വീകരിക്കും. തുടര്‍ന്ന് കോളനി നിവാസികളോടൊപ്പം പ്രാതല്‍ കഴിക്കും. പത്തിന് ഉദ്ഘാടന സമ്മേളനം നടക്കും. വൈകീട്ട് നാല് വരെ രമേശ് ചെന്നിത്തല കോളനി നിവാസികളുടെ പരാതി സ്വീകരിക്കും. ഈ സമയം പ്രധാന വേദിയില്‍ പട്ടികജാതി വിദ്യാര്‍ഥികളുടെയും മറ്റു നാടന്‍ കലകളും കായിക പ്രകടനങ്ങളും അരങ്ങേറും.
വൈകീട്ട് നാലരക്ക് സമാപന സമ്മേളനം കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പരാതികള്‍ക്ക് മറുപടി നല്‍കും. ജില്ലയിലെ കെ പി സി സി ഭാരവാഹികള്‍, എം എല്‍ എമാര്‍, കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും. നിയോജക മണ്ഡലത്തിലെയും ജില്ലയിലെയും എല്ലാവിഭാഗത്തിനും പരാതി നല്‍കാന്‍ അവസരം നല്‍കുമെന്ന് എം എല്‍ എ പറഞ്ഞു. പത്രസമ്മേളനത്തില്‍ സ്വാഗത സംഘം ഭാരവാഹികളായി കമ്മുക്കുട്ടി എടത്തോള്‍, നീലടി സുധാകരന്‍, പി എം കൃഷ്ണന്‍നമ്പൂതിരി, വി അഹമ്മദ് കുഞ്ഞി പങ്കെടുത്തു.