അട്ടപ്പാടി ഗവ. കോളജ്: സ്ഥലപരിശോധന നടത്തി

Posted on: October 1, 2013 1:46 am | Last updated: October 1, 2013 at 1:46 am

പാലക്കാട്: അട്ടപ്പാടി ഗവ കോളജിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാനുളള സ്ഥലം കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുളള സംഘം പരിശോധന നടത്തി.
അഗളി വില്ലേജിലെ നായ്ക്കര്‍പാടിയിലെ ഗവ ആട് ഫാമിനടുത്തുളള സ്ഥലത്താണ് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ പി കെ വേലായുധന്‍, ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍, പി ഡബ്ല്യൂ ഡി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ ശ്രീധരന്‍ നായര്‍ എന്നിവരുള്‍പ്പെട്ട സംഘം പരിശോധന നടത്തിയത്. സ്ഥലം വിദഗ്ധമായി പരിശോധിച്ച സംഘം കോളജിന് അനുയോജ്യമാണെന്ന് പറഞ്ഞു.
30 കോടി രൂപ ചെലവില്‍ അത്യാധുനിക സൗകര്യമുളള കോളജാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഇതിനായി നബാര്‍ഡില്‍ നിന്ന് 30 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ലഭിച്ചിട്ടുണ്ട്.
ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ പി വി രാധാകൃഷ്ണന്‍, തഹസില്‍ദാര്‍ ടി പി അസ്ലാം, ഗോഡ് ഫാം ലൈവസ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ അജിത എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. പരിസ്ഥിതി പ്രാധാന്യമുളള സൈലന്റ് വാലിയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം അട്ടപ്പാടി ഗവേഷണത്തിനും പരിശീലനത്തിനും അവസരമൊരുക്കിയാണ് കോളജിന് വിഭാവനം ചെയ്യുന്നത്.
കോളജ് ഹോസ്റ്റലുകള്‍, ഇന്‍ഡോര്‍ ഔട്ട് ഡോര്‍ സ്റ്റേഡിയങ്ങള്‍, സ്വിമ്മിങ് പൂള്‍, വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ക്കൊപ്പം അട്ടപ്പാടിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുളള പരിശീലന പരിപാടികള്‍ എന്നിവ നടത്തുന്നതിനുളള സൗകര്യങ്ങള്‍ കോളജില്‍ ഉള്‍പ്പെടുത്തും. കോളജ് ഇപ്പോള്‍ അട്ടപ്പാടി വാലി ഇറിഗേഷന്‍ പ്രൊജക്ടിന്റെ കെട്ടിടത്തിലാണ് താത്ക്കാലികമായി പ്രവര്‍ത്തിക്കുന്നത്. നിലവില്‍ നാല് കോഴ്‌സുകള്‍ നടത്തുന്നുണ്ട്.