Connect with us

Kasargod

സപ്ലൈകോയില്‍നിന്നും വാങ്ങിയ അരിയില്‍ ചത്ത എലി

Published

|

Last Updated

അമ്പലത്തറ: സപ്ലൈകോയില്‍നിന്നും വീട്ടമ്മ വാങ്ങിയ അഞ്ച് കിലോ പച്ചരിയില്‍ ചത്ത എലിയും പക്ഷി കാഷ്ഠവും.
അമ്പലത്തറ ഗുരുപുരത്തെ കുഞ്ഞി ചന്തുവിന്റെ ഭാര്യ ഗീത കോട്ടച്ചേരി പെട്രോള്‍ പമ്പിന് സമീപത്തെ സപ്ലൈകോയുടെ ലാഭം മാര്‍ക്കറ്റില്‍നിന്നും വാങ്ങിയ അരിയിലാണ് ചത്ത എലിയുടെ അവശിഷ്ടവും പക്ഷി കാഷ്ഠവും തൂവലും കണ്ടെത്തിയത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ഗീത ലാഭം മാര്‍ക്കറ്റില്‍ നിന്നും അഞ്ച് കിലോ പച്ചരി വാങ്ങിയത്. പിറ്റേദിവസം റേഷന്‍ കടയില്‍ പോകുന്നതിന് സഞ്ചിയിലുണ്ടായിരുന്ന പച്ചരി പാത്രത്തിലേക്ക് മാറ്റുമ്പോഴാണ് ചത്ത എലിയെയും മറ്റും കണ്ടത്. എലിയുടെ ശരീരാവശിഷ്ടങ്ങള്‍ ഉണങ്ങി അരിയില്‍ പറ്റിപ്പിടിച്ച നിലയിലായിരുന്നു. അരി കൂടുതല്‍ പരിശോധിച്ചപ്പോഴാണ് ഉണങ്ങിയ പക്ഷി കാഷ്ഠവും തൂവലും കണ്ടത്. ഉടന്‍ തന്നെ ഗീത സപ്ലൈകോയിലെ ഫോണില്‍ വിളിച്ച് പരാതി ഉന്നയിച്ചപ്പോള്‍ വിവരം പുറത്തുവിടരുതെന്നും ആരുമറിയാതെ മലിനമായ അരി തിരിച്ചുകൊണ്ടുവരണമെന്നും നല്ല അരി പകരം നല്‍കാമെന്നുമായിരുന്നു മറുപടി.
എന്നാല്‍ മോശമായ അരി തിരിച്ചുനല്‍കിയാല്‍ ഇതേ അരി മറ്റാര്‍ക്കെങ്കിലും നല്‍കുമെന്നതിനാല്‍ ഗീത അതിന് തയ്യാറായില്ല.
സപ്ലൈകോയുടെ കച്ചവട സ്ഥാപനങ്ങളില്‍നിന്നും റേഷന്‍ കടകളില്‍നിന്നും വിതരണം ചെയ്യുന്ന അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളില്‍ ചത്ത എലികളെയും പുഴുക്കളെയും കണ്ടെത്തുന്നത് പതിവായിരിക്കുകയാണ്. മതിയായ പരിശോധന നടത്താതെയാണ് അരിയും മറ്റും സപ്ലൈകോയുടെ വില്‍പ്പന കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. ഇതിനെതിരെ ഉപഭോക്താക്കളുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്.