Connect with us

Wayanad

റോഡിലെ കല്ലും മണ്ണും നീക്കം ചെയ്തില്ല: ഗതാഗതക്കുരുക്ക് പതിവാകുന്നു

Published

|

Last Updated

മാനന്തവാടി: മഴയില്‍ റോഡിലെത്തിയ കല്ലും മണ്ണും നീക്കം ചെയ്യാന്‍ നടപടികളായില്ല. ഇതോടെ മാനന്തവാടി താഴെയങ്ങാടി റോഡില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു.
രണ്ട് മാസം മുമ്പാണ് കനത്ത മഴയില്‍ റോഡരികിലെ മതലിടിഞ്ഞ് മണ്ണും കല്ലും റോഡിലെത്തിയത്. എന്നാല്‍ നാളിതുവരെയായി ഇത് നീക്കം ചെയ്യാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കല്ല് വന്ന് വീണ് ഓവു ചാല്‍ തടസപ്പെട്ടതിനാല്‍ മാലിന്യം കുമിഞ്ഞ് കൂടിയിരിക്കുകയാണ്. ദുര്‍ഗന്ധം കാരണം ഇതിലെ നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. മാത്രമല്ല മഴ പെയ്യുമ്പോള്‍ ഓവുചാല്‍ നിറഞ്ഞ് മലിന്യം റോഡിലൂടെ ഒഴുകുകയാണ്. വീതി കുറഞ്ഞ റോഡായതിനാല്‍ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇതിലൂടെ കടന്നു പോകുമ്പോള്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് പതിവായി മാറുകയാണ്. നഗരത്തിലെ പ്രധാന നിരത്ത്കൂടിയായ ഇതിലൂടെ കാല്‍നടയാത്രക്കാര്‍ക്കും റോഡിലെ മണ്ണും, കല്ലും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഈ കല്ലില്‍ തട്ടി പരിക്ക് പോലും പറ്റാറുണ്ട്. ഇത് ഇരു ചക്രവാഹനങ്ങള്‍ക്കാണ് ഏറെ ഭീഷണിയായി മാറുന്നത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇത് നീക്കം ചെയ്യാന്‍ അധികൃതര്‍ അനാസ്ഥ കാണിക്കുകയാണ്. എത്രയും പെട്ടെന്ന് ഈ കല്ലും മണ്ണും നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.