Connect with us

Palakkad

സംസ്ഥാനത്ത് 9575 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണ സഹായം

Published

|

Last Updated

കോഴിക്കോട്: ഇന്ദിരാഗാന്ധി ആവാസ് യോജനയുടെ (ഐ എ വൈ) ഭാഗമായി സംസ്ഥാനത്ത് 9575 ബി പി എല്‍ കുടുംബങ്ങള്‍ക്കുകൂടി ഭവന നിര്‍മാണത്തിന് സഹായം ലഭിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശ് അറിയിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന ഭാരത് നിര്‍മാണ്‍ രാജീവ് ഗാന്ധി സേവാ കേന്ദ്രങ്ങളുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇതോടെ പദ്ധതിക്കു കീഴില്‍ സംസ്ഥാനത്ത് 55,313 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ വീടുവെക്കാനാകും.തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലിനോടൊപ്പം നിലനില്‍പ്പുളള ആസ്തികളും പ്രാദേശിക ജനസമൂഹത്തിനായി സൃഷ്ടിക്കേണ്ടതുണ്ട്. ഇതിനായി ഗ്രാമ -ബ്ലോക്ക് പഞ്ചായത്തുതലങ്ങളില്‍ പദ്ധതി നിര്‍വഹണത്തിനായി 60 : 40 അനുപാതത്തില്‍ വേതന- വസ്തു നിരക്ക് നിജപ്പെടുത്തണം.
ഇതുവഴി 300 കോടി രൂപയുടെ നിലനില്‍പ്പുളള ആസ്തികള്‍ ബ്ലോക്ക് തലങ്ങളില്‍ സൃഷ്ടിക്കാനാകും.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ 25 ലക്ഷം രൂപ ചെലവിലും ബ്ലോക്കിനു കീഴിലെ ഒമ്പത് ഗ്രാമ പഞ്ചായത്തുകളില്‍ 10 ലക്ഷം രൂപ ചെലവിലും 10 ഭാരത് നിര്‍മാണ്‍ രാജീവ്ഗാന്ധി സേവാ കേന്ദ്രങ്ങളുടെ ശിലാസ്ഥാപനം ജയറാം രമേശ് നിര്‍വഹിച്ചു.
എം കെ രാഘവന്‍ എം പി അധ്യക്ഷത വഹിച്ചു. ബ്ലോക്കില്‍ ഇന്ദിരാഗാന്ധി ആവാസ് യോജന ഗുണഭോക്താക്കള്‍ക്കുളള ചെക്കും 100 ദിവസം തൊഴില്‍ പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്കുളള സര്‍ട്ടിഫിക്കറ്റും മന്ത്രി വിതരണം ചെയ്തു.

Latest