Connect with us

National

വി കെ സിംഗിന്റെ പ്രസ്താവന നിഷേധിച്ച് മുന്‍ സൈനിക മേധാവിമാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് സൈന്യം പണം നല്‍കുന്നുണ്ടെന്ന മുന്‍ സൈനിക മേധാവി വി കെ സിംഗിന്റെ പ്രസ്താവന നിഷേധിച്ച് എട്ട് മുന്‍ സൈനിക മേധാവിമാര്‍. വി കെ സിംഗ് പറഞ്ഞതു പോലെ സംസ്ഥാനത്തിന്റെ സുസ്ഥിരതക്ക് ഒരിക്കലും സൈന്യം ഫണ്ട് നല്‍കിയിട്ടില്ലെന്ന് സൈനിക മേധാവിമാര്‍ പറഞ്ഞു.
തങ്ങളുടെ കാലത്ത് രാഷ്ട്രീയക്കാര്‍ക്കോ പാര്‍ട്ടികള്‍ക്കോ സന്നദ്ധ സംഘടനകള്‍ക്കോ സൈന്യം ഒരു ഫണ്ടും നല്‍കിയിട്ടില്ലെന്ന് ജനറല്‍മാരായ ഒ പി മല്‍ഹോത്ര, എസ് എഫ് റോഡ്രിഗസ്, എസ് റോയ് ചൗധരി, വി പി മാലിക്, എസ് പത്മനാഭന്‍, എന്‍ സി വിജ്, ജെ ജെ സിംഗ്, ദീപക് കപൂര്‍ എന്നീ മുന്‍ സൈനിക മേധാവിമാര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
സംസ്ഥാനത്തെ സംഘര്‍ഷബാധിത പ്രദേശങ്ങളിലെ സുസ്ഥിരതക്ക് ഫണ്ട് അനുവദിക്കാന്‍ രഹസ്യ യൂനിറ്റ് സ്ഥാപിച്ചിരുന്നെന്ന് വി കെ സിംഗ് പറഞ്ഞിരുന്നു. എന്നാല്‍, രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയിട്ടില്ലെന്ന് വി കെ സിംഗ് തന്നെ വ്യക്തമാക്കിയിരുന്നു. സൈന്യത്തിലെ സാങ്കേതിക വിഭാഗം ചില പദ്ധതികള്‍ക്ക് രഹസ്യമായി പണം നല്‍കിയിരുന്നു. ഇതുകാരണം സൈന്യത്തിന്റെ സദ്ഭാവന പദ്ധതികള്‍ സംശയ ദൃഷ്ടിയോടെയാണ് വീക്ഷിക്കപ്പെട്ടിരുന്നത്.
എന്നാല്‍, അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന സദ്ഭാവനാ പദ്ധതിയെ ആശയക്കുഴപ്പത്തോടെ കാണേണ്ടതില്ലെന്ന് മുന്‍ മേധാവിമാരുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. പൂര്‍ണമായും ഓഡിറ്റിന് വിധേയമാക്കുന്ന പ്രതിരോധ ബജറ്റ് വിഹിതത്തില്‍ നിന്നാണ് ഇത്തരം പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കുന്നത്. അത് സുതാര്യമായ നടപടിക്രമങ്ങളിലൂടെയേ സാധ്യമാകൂ. സൈന്യം പൂര്‍ണമായും രാഷ്ട്രീയമുക്തമാണെന്നും പ്രസ്താവനയില്‍ പറയുന്നു.