ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ രണ്ടാം ഉദ്ഘാടനത്തിന് സോണിയ

Posted on: September 28, 2013 12:11 am | Last updated: September 28, 2013 at 12:11 am

തിരുവനന്തപുരം : നാളെ യു പി എ അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന ആരോഗ്യ കിരണം പദ്ധതി നേരത്തെ രണ്ട് തവണ ഉദ്ഘാടനം ചെയ്തത്. എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് നടപ്പാക്കിയ തലോലം പദ്ധതിയാണ് പിന്നീട് യു ഡി എഫ് സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷ ഭാഗമായി അവതരിപ്പിച്ച് ആരോഗ്യകിരണം എന്ന പേരില്‍ പിന്നീട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തത്. ഇതേ പദ്ധതിയുടെ ഉദ്ഘാടനമാണ് നാളെ സോണിയാഗാന്ധിയും നിര്‍വഹിക്കാനിരിക്കുന്നത്.

എന്നാല്‍ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനമാണ് സോണിയാഗാന്ധി നിര്‍വഹിക്കുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. കഴിഞ്ഞ നാല് മാസമായി സംസ്ഥാനത്ത് പ്രാബല്യത്തിലുള്ള പദ്ധതിയാണ് സോണിയാ ഗാന്ധിയെക്കൊണ്ട് വീണ്ടും ഉദ്ഘാടനം ചെയ്യിക്കുന്നത്. പതിനെട്ട് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍, അര്‍ബുദം, ഹൃദ്രോഗം, വൃക്കരോഗം, പ്രമേഹം തുടങ്ങിയ എല്ലാ രോഗങ്ങള്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ് ആരോഗ്യകിരണം. മെഡിക്കല്‍ കോളജുകള്‍ മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍വരെ എല്ലാ രോഗങ്ങള്‍ക്കും മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
കേന്ദ്ര ആര്‍ ബി എസ് കെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടെയാണ് ആരോഗ്യ കിരണം പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ ആരംഭിക്കും. കേരളത്തില്‍ ഓരോ വര്‍ഷവും ജനിക്കുന്ന അഞ്ച് ലക്ഷത്തോളം കുഞ്ഞുങ്ങളും പതിനെട്ട് വയസ്സില്‍ താഴെയുള്ള 90 ലക്ഷത്തോളം കുട്ടികളുമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഇതിനായി 21.6 കോടി രൂപ ഇപ്പോള്‍ എന്‍ ആര്‍ എച്ച് എം മുഖേന അനുവദിച്ചിട്ടുണ്ട്. സൗജന്യ മരുന്ന് വിതരണ പദ്ധതിയില്‍ 820 ഇനം മരുന്നുകളാണ് എ പി എല്‍, ബി പി എല്‍ വ്യത്യാസമില്ലാതെ ലഭ്യമാക്കുക. പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി ആശുപത്രി തലത്തിലും ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്.