ബിന്‍സിക്ക് വടകരയില്‍ വരവേല്‍പ്പ്

Posted on: September 27, 2013 6:07 am | Last updated: September 27, 2013 at 8:07 am
SHARE

വടകര: മലേഷ്യയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ അഞ്ച് കിലോമീറ്റര്‍ നടത്ത മത്സരത്തില്‍ വെങ്കല മെഡല്‍ നേടിയ മണിയൂര്‍ പഞ്ചായത്ത് ഹൈസ്‌കൂളിലെ എ എം ബിന്‍സിക്ക് വടകരയില്‍ ഉജ്ജ്വല വരവേല്‍പ്പ്. ഇന്നലെ കാലത്ത് വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്ന ബിന്‍സിയെ എം എല്‍ എ മാരായ സി കെ നാണു, കെ കെ ലതിക, നഗരസഭാ വൈസ് ചെയര്‍മാന്‍ വി കെ ബാലകൃഷ്ണന്‍, വടകര എ എസ് പി യതീഷ്ചന്ദ്ര ഐ പി എസ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് വാദ്യഘോഷങ്ങളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ വടകര നഗരം ചുറ്റിയ ശേഷം സ്‌കൂളിലേക്കാനയിച്ചു.
സ്‌കൂള്‍ ഓഡിറ്റോറിയത്തി ല്‍ നടന്ന അനുമോദനയോഗം മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എം കെ ഹമീദ് അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് കെ പി സത്യന്‍, മുതുവീട്ടില്‍ ബാബു, കെ സി പവിത്രന്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു.