റിച്ചാര്‍ഡ് ഫ്രാങ്കിക്കെതിരെ ജി സുധാകരന്‍

Posted on: September 27, 2013 7:55 am | Last updated: September 27, 2013 at 7:55 am

കോഴിക്കോട്: സി പി എം രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട റിച്ചാര്‍ഡ് ഫ്രാങ്കിക്കെതിരെ ജി സുധാകരന്‍. സഹകരണ സംഘങ്ങളെക്കുറിച്ച് സായിപ്പ് പഠിപ്പിക്കേണ്ടെന്ന് ഫ്രാങ്കിയെ ഉദ്ദേശിച്ച് സുധാകരന്‍ പറഞ്ഞു. സായിപ്പിന്റെ നാട്ടിലെ സഹകരണ സംഘങ്ങളല്ല കേരളത്തിലേത്. സായിപ്പിന്റെ ഉപദേശം കേട്ട് റിസര്‍വ് ബേങ്ക് സഹകരണ രംഗം തകര്‍ക്കുന്ന നടപടിയുമായി മുന്നോട്ടു പോകുകയാണ്.

സായിപ്പ് പറഞ്ഞാല്‍ മാത്രമെ ബോധ്യപ്പെടൂ എന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ടൗണ്‍ സര്‍വീസ് സഹകരണ ബേങ്കിന്റെ ആറാമത് ശാഖ മാവൂര്‍ റോഡില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സുധാകരന്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പു വരെ തോമസ് ഐസക് പുകഴ്ത്തിയ റിച്ചാര്‍ഡ് ഫ്രാങ്കിക്കെതിരെ സി പി എമ്മിന്റെ പ്രമുഖ നേതാവ് രംഗത്തെത്തിയത് ശ്രദ്ധേയമായി. ആഗോളവത്ക്കരണത്തിന്റെ കെടുതികളെ ഫലപ്രദമായി തടയാന്‍ കേരളത്തിന് കഴിഞ്ഞത് സഹകരണ മേഖല ശക്തമായതുകൊണ്ടാണ്. ഇന്ത്യയിലെ സഹകരണരംഗത്തെ ആകെ ആസ്തിയുടെ 63 ശതമാനം കേരളത്തിന്റെ സംഭാവനയാണ്. മാത്രമല്ല 60,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പ്രസ്ഥാനമാണ് സഹകരണ രംഗം.
ഈ മേഖലയെ തകര്‍ക്കാന്‍ റിസര്‍വ് ബേങ്ക് പരിശ്രമിക്കുകയാണെന്നും സുധാകരന്‍ ആരോപിച്ചു. ചടങ്ങില്‍ ബേങ്ക് പ്രസിഡന്റ് എം ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടറുകളുടെ സ്വിച്ച് ഓണ്‍ കര്‍മം എം കെ രാഘവന്‍ എം പി നിര്‍വഹിച്ചു.