ആര്‍ എസ് എസ് അക്രമങ്ങള്‍ക്കെതിരെ നാളെ സി ഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

Posted on: September 26, 2013 5:37 am | Last updated: September 26, 2013 at 7:38 am

പുല്‍പള്ളി: ജനങ്ങളുടെ സമാധാന ജീവിതം തകര്‍ക്കുന്ന ആര്‍.എസ്.എസ്. അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസ് അധികാരികള്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് നാളെ പുല്‍പ്പള്ളി സി.ഐ. ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പുല്‍പ്പള്ളിയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കോളറാട്ടുകുന്നിലുണ്ടായ അക്രമണം യാതൊരു പ്രകോപനവുമില്ലാതെ ഇരുളിന്റെ മറവില്‍ നടത്തിയതാണ്. ആസൂത്രിതമായി ജനങ്ങളുടെ സമാധാന ജീവിതം തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. നിരപരാധികളായവരാണ് അക്രമണത്തിനിരകളായത്. ഗുരുതരമായി പരിക്കേറ്റ പ്ലാക്കുടി ജോണി ഇപ്പോഴും അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഈ മേഖലയില്‍ ആര്‍.എസ്.എസ്, ബി.ജെ.പി അക്രമം വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ നടപടിയെടുക്കേണ്ട പോലീസ് ഉദ്യോഗസ്ഥന്‍ അക്രമികള്‍ക്ക് സഹായകമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു. പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് ഉദ്യോഗസ്ഥന്‍ കൈകൊണ്ടതെന്നും നേതാക്കള്‍ ആരോപിച്ചു. അക്രമത്തിനുപയോഗിച്ച വാഹനങ്ങളും, മറ്റു പ്രതികളെയും ഉടനെ പിടികൂടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഇത്തരം നടപടികള്‍ക്കെതിരെ കോളറാട്ടുകുന്നില്‍ പൗരസമിതി രുപീകരിച്ചു.
പത്രസമ്മേളനത്തില്‍ എം എസ് സുരേഷ് ബാബു, പി കെ മാധവന്‍, വി എം പൗലോസ്, സജി പെരുമ്പില്‍, ടി ജെ ചാക്കോച്ചന്‍, ജോജോ പള്ളത്ത്, സജീവന്‍, ജെയിംസ്, സോജിഷ്, സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.