പാക്ക് ഭൂകമ്പം: മരണം 328 ആയി

Posted on: September 25, 2013 6:11 pm | Last updated: September 26, 2013 at 1:37 am

pak1ഇസ്‌ലാമാബാദ്: തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ബലുചിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 328 ആയി. ഭൂകമ്പമാപിനിയില്‍ 7.8 അടയാളപ്പെടുത്തിയ ഭൂചലനത്തില്‍ നൂറ് കണക്കിന് വീടുകള്‍ തകര്‍ന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഖറന്‍, ഖുസ്ദാര്‍, അവരാന്‍ എന്നീ ഗ്രാമ പ്രദേശങ്ങളിലാണ് കനത്ത ആഘാതം ഉണ്ടായത്. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ച് മണിയോടെയാണ് രാജ്യത്തെ നടുക്കിയ ഭൂകമ്പം ഉണ്ടായത്.
ഭൂചലനത്തെ തുടര്‍ന്ന് നൂറു കണക്കിനാളുകളെ കാണാതായിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ അഗ്നിശമന വിഭാഗം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും ബലൂചിസ്ഥാന്‍ പ്രവിശ്യാ വക്താവ് ജാന്‍ ബുലെദി വ്യക്തമാക്കി.
രക്ഷാപ്രവര്‍ത്തനത്തിനായി ബലൂചിസ്ഥാനിലേക്ക് സൈന്യത്തെ നിയോഗിച്ചിട്ടുണ്ടെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു. ഹെലികോപ്റ്ററിലും മറ്റുമായി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും ഭൂചലനമുണ്ടായ സ്ഥലത്ത് നിന്ന് നിരവധി മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പരുക്കേറ്റ അഞ്ഞൂറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭൂചലനം ഉണ്ടായ ഗ്രാമപ്രദേശളില്‍ ഭൂരിഭാഗവും മണ്‍കട്ട കൊണ്ട് നിര്‍മിച്ച വീടുകളായിരുന്നു. ഇത് അപകടം വര്‍ധിക്കാനിടയാക്കിയിട്ടുണ്ട്. ഭൂചലന മേഖലയിലെ 90 ശതമാനം വീടുകളും തകര്‍ന്നിട്ടുണ്ടെന്ന് പ്രാദേശിക സര്‍ക്കാര്‍ വക്താവ് അബ്ദുര്‍റശീദ് ബലൂച് പറഞ്ഞു. മേഖലയില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ സമീപ നഗരങ്ങളിലേക്കും മറ്റും പലായനം ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് താത്കാലിക അഭയാര്‍ഥി ക്യാമ്പുകള്‍ ഒരുക്കുമെന്ന് പാക് സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു.
ഭൂചനലത്തെ തുടര്‍ന്ന് ഗൗദാര്‍ തീരത്ത് പുതിയ ദ്വീപ് പ്രത്യക്ഷപ്പെട്ടതായി ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കടലില്‍ പ്രത്യക്ഷപ്പെട്ട ദ്വീപ് കാണാന്‍ വന്‍ ജനക്കൂട്ടമാണ് ഗൗദാര്‍ തീരത്ത് എത്തിയിട്ടുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ഭൂചലനമാണിത്. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ തന്നെ 2008 ഒക്‌ടോബറിലുണ്ടായ ഭൂചലനത്തില്‍ മുന്നൂറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. 6.4 ആയിരുന്നു ഈ ചലനത്തിന്റെ വ്യാപ്തി. 73,000 ജനങ്ങളുടെ മരണത്തിനിടയാക്കിയ 2005ലെ ഭൂകമ്പത്തിന് ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാശ്മീര്‍ മേഖലയിലായിരുന്നു ഇത്.