Connect with us

International

നെയ്‌റോബി ആക്രമണം: തീവ്രവാദികളെ കീഴടക്കിയതായി പ്രസിഡന്റ്

Published

|

Last Updated

നെയ്‌റോബി: കെനിയയിലെ വെസ്‌റ്‌ഗേറ്റ് മാള്‍ തീവ്രവാദികളില്‍നിന്ന് മോചിപ്പിച്ചതായി പ്രസിഡന്റ് ഉഹുറു കെനിയാട്ട. അഞ്ച് തീവ്രവാദികളെ വധിച്ചതായും 11 പേരെ അറസ്റ്റ് ചെയ്തതായും ഔദ്യോഗിക ടെലിവിഷനിലൂടെ രാജ്യത്തെ ആഭിസംബോധന ചെയ്ത അദ്ദേഹം അറിയിച്ചു. മൂന്ന് ഇന്ത്യക്കാരുള്‍പ്പെടെ 67 പേര്‍ കൊല്ലപ്പെട്ടു. 61 സിവിലിയന്‍മാരും ആറു സുരക്ഷ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. മാളിന്റെ മൂന്ന് നിലകള്‍ ഏറ്റുമുട്ടലില്‍ തകര്‍ന്നതായും പ്രസിഡന്റ് അറിയിച്ചു. മൃതദേഹങ്ങളില്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ബ്രിട്ടീഷ്, അമേരിക്കന്‍ പൗരന്‍മാര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന രഹസ്യാന്വേഷണ വിവരം സ്ഥിരീകരിച്ചിട്ടില്ലെന്ന് പ്രസിഡന്റ് പറഞ്ഞു.

എന്നാല്‍, ആക്രമണം അവസാനിച്ചിട്ടില്ലെന്നാണ് അല്‍ ഷബാബ് തീവ്രവാദികള്‍ ട്വിറ്ററിലൂടെ അവകാശപ്പെട്ടത്. മാളിനുള്ളില്‍ പോരാട്ടം ഇപ്പോഴും നടക്കുന്നതായാണ് വിദേശമാധ്യമങ്ങളും സൂചന നല്‍കുന്നത്. ഏറ്റുമുട്ടല്‍ പൂര്‍ണ്ണമായി അവസാനിപ്പിച്ചോ എന്ന കാര്യം വ്യക്തമല്ല.
മാളിലുണ്ടായിരുന്ന 51 പേരെ കാണാതായതായി കെനിയന്‍ റെഡ്‌ക്രോസ് അറിയിച്ചു. ആക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാരും ഒരു ഇന്ത്യന്‍ വംശജയും മൂന്നു സൈനികരുമടക്കം 67 പേരാണ് ഇതുവരെ മരിച്ചത്. ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു.

1998ല്‍ അമേരിക്കന്‍ എംബസിക്കുനേരെ നടന്ന തീവ്രവാദി ആക്രമണത്തിനുശേഷം കെനിയയിലുണ്ടാകുന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണ് വെസ്‌റ്‌ഗേറ്റ് മാളിലേത്. മാളിനുള്ളില്‍ കട വാടകയ്‌ക്കെടുത്ത് കൃത്യമായ ആസൂത്രണത്തോടെ അല്‍ ഷബാബ് നടപ്പാക്കിയ പദ്ധതിയായിരുന്നു ഇതെന്ന് വ്യക്തമാകുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഭീകരരെ നേരിടാന്‍ 2011 ഒക്ടോബറില്‍ കെനിയ സൊമാലിയയിലേക്കയച്ച സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ത്തിയായിരുന്നു അല്‍ഷബാബ് തീവ്രവാദികള്‍ ഷോപ്പിംഗ് മാള്‍ ആക്രമിച്ചത്.