കുടുംബശ്രീ ചന്തകള്‍: റെക്കോര്‍ഡ് വില്‍പ്പന;വിറ്റുവരവ് 60 ലക്ഷം

Posted on: September 25, 2013 12:25 am | Last updated: September 25, 2013 at 12:25 am

കല്‍പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണചന്തകളില്‍ റെക്കോര്‍ഡ് വില്‍പന നടന്നു. 26 ചന്തകളില്‍ മൂന്ന് ദിവസങ്ങളിലായി 60 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായി. ഇതാദ്യമായാണ് ഇത്രവലിയ വിറ്റുവരവുണ്ടാവുന്നത്. ജനബാഹുല്യവും ഉല്‍പ്പന്നങ്ങളുടെ മികവും, സംരംഭകരുടെ പങ്കാളിത്തവും കൊണ്ടും ശ്രദ്ധേയമായ ചന്തകള്‍ ഓണാഘോഷത്തിന് സാമ്പത്തികമായി ആശ്വാസം നല്‍കിയെന്നതും പ്രത്യേകതയാണ്.
ചന്തകളില്‍ മിക്കയിടങ്ങളിലും ഉച്ചയോടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിയുകയായിരുന്നു. പ്രതീക്ഷിച്ചതിനെക്കാള്‍ വിറ്റുവരവാണ് ഇത്തവണ ഉണ്ടായത്. ജില്ലയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളെയും 2820 സംരംഭകരെയും മേളയിലെത്തിക്കാനായി.
26 ഓണ ചന്തകളാണ് ഈ വര്‍ഷം തുടങ്ങിയത്. പടിഞ്ഞാറത്തറ ജില്ലാ തല ചന്ത യില്‍ 5.25 ലക്ഷം രൂപയുടെയും, ബ്ലോക്ക് തല ചന്തകള്‍ നടത്തിയ മൂപ്പൈനാട്-3.48 ലക്ഷം, പനമരം-3.39 ലക്ഷം, അമ്പലവയല്‍-3.74 ലക്ഷം, തവിഞ്ഞാല്‍-2.43 ലക്ഷം രൂപയുടെയും വിറ്റുവരവുണ്ടായി… 20 സി.ഡി.എസ് തല ചന്തകളില്‍ പുല്‍പ്പള്ളി-5.57 ലക്ഷം, മാനന്തവായി- 4.20 ലക്ഷം, നെന്‍മേനി-2.77 ലക്ഷം, മീനങ്ങാടി-2.24 ലക്ഷം , മുട്ടില്‍ – 2.25 ലക്ഷം രൂപയുടെയും വിറ്റുവരവുണ്ടായി.
ഇതാദ്യമായി ഓണ ചന്ത തുടങ്ങിയ വെങ്ങപ്പള്ളി, നൂല്‍പ്പുഴ പഞ്ചായത്തുകളില്‍ 73832 രുപയുടെയും 82722 രുപയുടെയും വിറ്റുവരവുണ്ടായി. സി.ഡി.എസ് തലത്തില്‍ ഘോഷയാത്ര , പൂക്കളമത്സരം, പായസ മേള, ഗ്രാമീണ കായിക മേള, ഭക്ഷ്യമേള തുടങ്ങിയവയും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ഓണാഘോഷത്തിന് ഇത്തവണ ബാലസഭാ കുട്ടികളുടെ സംഗമങ്ങളും മത്സരങ്ങളും സി.ഡി.എസ് തലത്തില്‍ സംഘടിപ്പിച്ചത് ശ്രദ്ധേയമായി. .ബാലസഭയുടെ നേതൃത്വത്തില്‍ ഓണപറവകള്‍ പ്രത്യേക പരിപാടികളും സംഘടിപ്പിച്ചു.
ഡി.ടി.പി.സി, കുടുംബശ്രീ, വയനാട് പ്രസ്‌ക്ലബ്ബ് സംയുക്തമായി ഇതാദ്യമായി കുടുംബശ്രീക്കാര്‍ക്ക് പൂക്കള മത്സരം സംഘടിപ്പിച്ചു ഓണചന്തയോട് ചേര്‍ന്ന് കുടുംബശ്രീ വിദഗ്ദ പരിശീലനം നേടിയ കാറ്ററിംഗ് യൂണിറ്റുകളുടെ കാന്റീന്‍ തുടങ്ങിയതും പുതുമയാര്‍ന്നതായി കല്‍പ്പറ്റ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണത്തിനിടയില്‍ പുട്ടു കച്ചവടവും ശ്രദ്ധേയമായി.