Connect with us

Malappuram

പെരിന്തല്‍മണ്ണയിലെ മൂന്നാമത്തെ ബസ് സ്റ്റാന്‍ഡ് യാഥാര്‍ഥ്യമായില്ല

Published

|

Last Updated

പെരിന്തല്‍മണ്ണ: നഗരത്തില്‍ മൂന്നാമത്തെ ബസ് സ്റ്റാന്‍ഡ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് നിലവിലുള്ള കൗണ്‍സിലിന്റെ പ്രഖ്യാപനം നാളിതുവരെ നടപ്പായില്ല. ബസ് സ്റ്റാന്‍ഡ് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുവാന്‍ 54 ഭൂവുടമകള്‍ 3.05 ഏക്കറോളം വരുന്ന ഭൂമി ഏഴു വര്‍ഷം മുമ്പ് സൗജന്യമായാണ് നഗരസഭക്ക് കൈമാറിയത്.
സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം മണ്ണിട്ട് നികത്തുക, അവിടേക്ക് റോഡുകള്‍ നിര്‍മിക്കുക തുടങ്ങി അടിയന്തരമായി ചെയ്യേണ്ട പ്രവര്‍ത്തികള്‍ പോലും ഇപ്പോഴും ചെയ്തിട്ടില്ല. വര്‍ഷങ്ങളായി ഈ സ്ഥലം അതേപടി കിടക്കുകയാണ്. 15 കോടി രൂപ ചെലവില്‍ ഏഴുനില കെട്ടിടങ്ങളോട് കൂടി 50ഓളം ബസുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമുള്ള ജില്ലയിലെ വലിയ സ്റ്റാന്‍ഡിനാണ് നഗരസഭ വിഭാവനം ചെയ്തിട്ടുള്ളത്.
താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ അളന്നു തിട്ടപ്പെടുത്തി ഇതിന്റെ സ്‌കെച്ച് നഗരസഭക്ക് കൈമാറിയിരുന്നു. സ്റ്റാന്‍ഡിലേക്കുള്ള പ്രവേശനം ഉള്‍പ്പെടെ അഞ്ച് ഏക്കര്‍ സ്ഥലത്തിന്റെ സ്‌കെച്ച് തയ്യാറാക്കിയിരുന്നു. മൂന്ന് മാസം മുമ്പ് മുനിസിപ്പല്‍ എന്‍ജിനീയര്‍ തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ അടങ്ങിയ കരട് രേഖ അന്ന് കൗണ്‍സില്‍ അംഗീകരിക്കുകയും ഡിസൈന്‍ തയ്യാറാക്കി അംഗീകാരത്തിനായി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊന്നുമായില്ല. മൂന്‍കൂര്‍ ലേലം ചെയ്ത് നഗരസഭയുടെ പൂര്‍ണ ഉത്തരവാദിത്വത്തില്‍ തന്നെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. മൂന്നാമത്തെ ബസ് സ്റ്റാന്‍ഡ് എന്ന് യാഥാര്‍ഥ്യമാകുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.