ഇസ്രത്ത് ജഹാന്‍ കേസ്: ഗുജറാത്ത് നിയമമന്ത്രിയെ സി ബി ഐ ചോദ്യം ചെയ്തു

Posted on: September 23, 2013 7:03 pm | Last updated: September 23, 2013 at 7:03 pm

Pradeepsinh-Jadejaഅഹമ്മദാബാദ്: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് നിയമമന്ത്രി പ്രദീപ്‌സിന്‍ഹ് ജഡേജയെ സി ബി ഐ ചോദ്യം ചെയ്തു. കേസിന്റെ അന്വേഷണം തടസപ്പെടുത്താനുള്ള വഴികള്‍ ആലോചിച്ച് 2011 നവംബറില്‍ പ്രദീപ് സിന്‍ഹ് ജഡേജയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നതായി സസ്‌പെന്‍ഷനിലായ ഐ പി എസ് ഉദ്യോഗസ്ഥന്‍ ജി എല്‍ സിംഗാള്‍ സി ബി ഐയോട് വെളിപ്പെടുത്തിയിരുന്നു.യോഗത്തിലെ സംഭാഷണങ്ങള്‍ അടങ്ങിയ രണ്ട് പെന്‍ഡ്രൈവുകളും സിംഗാള്‍ സി ബി ഐയ്ക്കു നല്‍കിയിരുന്നു. ഈ യോഗത്തിന്റെ വിശദാംശങ്ങള്‍ തേടിയായിരുന്നു ചോദ്യം ചെയ്യല്‍.

അഡ്വക്കേറ്റ് ജനറല്‍ കമാല്‍ ത്രിവേദിയുടെ മുറിയിലായിരുന്നു യോഗം ചേര്‍ന്നത്. സിംഗാളിനെയും പ്രദീപ് സിന്‍ഹ് ജഡേജയെയും കൂടാതെ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ സെക്രട്ടറി ജി സി മുര്‍മു, ആഭ്യന്തരമന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേല്‍, നിലവില്‍ കൃഷിമന്ത്രിയായ ഭൂപേന്ദ്രസിന്‍ഹ് ചുധാസാമ, ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ എ.കെ ശര്‍മ തുടങ്ങിയവരായിരുന്നു യോഗത്തില്‍ പങ്കെടുത്തത്. ഇതില്‍ മുര്‍മുവിനെയും ശര്‍മയെയും സി ബി ഐ കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് പ്രദീപ് സിന്‍ഹ് ജഡേജയെയും ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ കമാല്‍ ത്രിവേദിക്കും സി ബി ഐ നോട്ടീസ് നല്‍കിയിട്ടുണ്ട്.