ഐ പി എല്‍ വാതുവെപ്പ്: മെയ്യപ്പനെതിരെ കുറ്റപത്രം

Posted on: September 22, 2013 12:05 am | Last updated: September 22, 2013 at 12:05 am

മുംബൈ: ഐ പി എല്‍ വാതുവെപ്പ് കേസില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്രിന്‍സിപ്പല്‍ ഗുരുനാഥ് മെയ്യപ്പനും ബോളിവുഡ് നടന്‍ വിന്ദുധാരാ സിംഗിനുമെതിരെ മുംബൈ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പാക്കിസ്ഥാന്‍ അമ്പയര്‍ അസാദ് റഊഫും പതിനഞ്ച് വാതുവെപ്പുകാരും 11609 പേജ് വരുന്ന കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
വ്യാജ ഒപ്പിടല്‍, വഞ്ചന, കുറ്റകരമായ ഗൂഢാലോചന, വാതുവെപ്പ് എന്നീ കുറ്റങ്ങളാണ് ഗുരുനാഥ് മെയ്യപ്പനും വിന്ദുവിനുമെതിരെ ചുമത്തിയിട്ടുള്ളത്. എന്നാല്‍, ഇവര്‍ക്കെതിരെ തത്‌സമയ വാതുവെപ്പ് കേസ് ചുമത്തിയിട്ടില്ല. 22 പേരാണ് കുറ്റപത്രത്തിലുള്ളത്.
ഇതില്‍ അസാദ് റഊഫ് ഉള്‍പ്പടെ എട്ട് പേര്‍ പിടികിട്ടാപുള്ളികളായി തുടരുന്നു. 196 സാക്ഷികളെ വിസ്തരിച്ച മുംബൈ ക്രൈംബ്രാഞ്ച് ആറ് ലാബ് റിപ്പോര്‍ട്ടുകളും മെയ്യപ്പനും വിന്ദുവും നടത്തിയ ഫോണ്‍ സംഭാഷണങ്ങളും തെളിവായി സ്വീകരിച്ചിട്ടുണ്ട്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമയും ബി സി സി ഐ പ്രസിഡന്റുമായിരുന്ന എന്‍ ശ്രീനിവാസന്റെ മകളുടെ ഭര്‍ത്താവാണ് മെയ്യപ്പന്‍.
വിന്ദു ധാരാ സിംഗ് അറസ്റ്റിലായതോടെയാണ് മെയ്യപ്പന്റെ വാതുവെപ്പ് ബന്ധം പുറംലോകമറിയുന്നത്.
ഇതാണ്, പിന്നീട് ബി സി സി ഐ പ്രസിഡന്റ് സ്ഥാനം ശ്രീനിവാസന് നഷ്മാകാന്‍ കാരണമായത്. കഴിഞ്ഞ മെയില്‍ വിന്ദുവും മെയ്യപ്പനും അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി.