Connect with us

Malappuram

അന്യസംസ്ഥാന ബിഎഡുകാരെ തഴയല്‍: പിന്നില്‍ തെക്കന്‍ ലോബിയെന്ന് ആരോപണം

Published

|

Last Updated

വണ്ടൂര്‍: അയല്‍ സംസ്ഥാനങ്ങളിലെ കോളജുകളില്‍ നിന്ന് അധ്യാപക പരിശീലന കോഴ്‌സായ ബി എഡ് പൂര്‍ത്തിയാക്കിയവരെ പി എസ് സി അഭിമുഖങ്ങളില്‍ തഴയുന്നതിന് പിന്നില്‍ തെക്കന്‍ ജില്ലകളിലെ ചിലരുടെ സ്വാധീനമാണെന്നാക്ഷേപം. മലബാര്‍ മേഖലയിലെ ഉദ്യോഗാര്‍ഥികളെ പിന്തള്ളി ജോലിയില്‍ പ്രവേശിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും സംശയമുയര്‍ന്നിട്ടുണ്ട്. ബി എഡ് സര്‍ട്ടിഫിക്കറ്റില്‍ പൂര്‍ത്തിയാക്കിയ കോഴ്‌സ് ഏതു വിഷയത്തിലാണെന്ന് വ്യക്തമാക്കാത്തതിനാലും ഒന്നിലധികം മെയിന്‍ വിഷയങ്ങളുള്ളതിനാലും ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍ അധ്യാപക ഒഴിവുകളിലേക്ക് പി എസ് സി പരീക്ഷ എഴുതി റാങ്ക്‌ലിസ്റ്റില്‍ ഇടംപിടിച്ചവരെയാണ് അയോഗ്യരാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നത്. ഇതോടെ മലബാറിലെ നൂറുക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ ഭാവി ജോലി ആശങ്കയിലായിരിക്കുകയാണ്. കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള ബി എഡ് ട്രെയിനിംഗ് കോളജുകള്‍, ഇന്ദിരാഗാന്ധി ഓപണ്‍ സര്‍വകലാശാല(ഇഗ്്‌നോ),മൈസൂര്‍ റീജ്യനല്‍ ഇന്‍സ്റ്റിട്ട്യൂട്ട് എന്നിവക്ക് പുറമെ അയല്‍ സംസ്ഥാനങ്ങളിലെ ട്രെയിനിംഗ് കോളജുകളില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കിയവരെയാണ് ഇപ്പോള്‍ പിഎസ് സി അയോഗ്യരാക്കി കണക്കാക്കുന്നത്.അതെസമയം കഴിഞ്ഞ വര്‍ഷം വരെ ഇത്തരം ബിഎഡ് കോഴ്‌സ് പൂര്‍്ത്തിയാക്കിയ റാങ്ക്‌ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളെ പിഎസ്‌സി നിയമിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം മുതല്‍ക്കാണ് ഇത്തരം ബി എഡുകാരെ പി എസ് സി അഭിമുഖങ്ങളില്‍ നിന്ന് ഒഴിവാക്കി തുടങ്ങിയത്. 2008 ലെ ഹൈക്കോടതി വിധി പ്രകാരം ഇത്തരം ബി എഡുകാര്‍ ഒഴിവാക്കരുതെന്ന് ഉത്തരവിട്ടിരുന്നു. അഞ്ച് വര്‍ഷ കാലാവധി കഴിഞ്ഞ കാരണം ബോധിപ്പിച്ചാണ് പിഎസ്‌സി നടപടി സ്വീകരിക്കുന്നത്.
എന്നാല്‍ സര്‍ക്കാറിന്റെ തന്നെ ശംബളം പറ്റുന്ന എയിഡഡ് സ്‌കൂളുകളില്‍ ഇത്തരക്കാരെ നിയമിക്കുന്നതില്‍ പ്രശ്‌നങ്ങളുമില്ല. ഇഗ്നോ ബിഎഡ് പൂര്‍ത്തിയാക്കി എയിഡഡ് സ്‌കൂളുകളില്‍ യുപി സ്‌കൂളില്‍ നിന്ന് ഹൈസ്‌കൂളിലേക്കും ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്കും പ്രമോഷന്‍ നേടുന്ന അധ്യാപകരും ഏറെയാണ്.പ്രമോഷന് വേണ്ടി പലരും ഇത്തരം കോഴ്‌സുകളാണ് ചെയ്യാറുള്ളത്.
മലബാര്‍ മേഖലയില്‍ അധ്യാപക പരിശീലന കോഴ്‌സുകള്‍ നടത്തുന്ന കോളജുകള്‍ കുറവായ കാലത്താണ് മലപ്പുറം,കോഴിക്കോട്,പാലക്കാട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവര്‍ പഠനാവശ്യത്തിനായി അയല്‍ സംസ്ഥാനങ്ങളില്‍ പോയിരുന്നത്.