Connect with us

Editorial

വി കെ സിംഗിനെ ചുഴ്ന്ന് ദുരൂഹതകള്‍

Published

|

Last Updated

ഗുരുതരമായ ആരോപണമാണ് മുന്‍കരസേനാ മേധാവി വി കെ സിംഗിനെതിരെ പുതുതായി ഉയര്‍ന്നത്. 2010ല്‍ ജമ്മു കാശ്മീര്‍ കൃഷി മന്ത്രി ഗുലാം ഹസന്‍ മിറിനെ വിലക്കെടുത്ത് സംസ്ഥാനത്തെ ഉമര്‍ അബ്ദുല്ല സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ വി കെ സിംഗ് ശ്രമിച്ചതായാണ് ആരോപണം. പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ടെലിഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് ചോര്‍ന്ന ഈ വിവരം, കരസേനാ രഹസ്യാന്വേഷണ വിഭാഗം പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയതായി വാര്‍ത്ത പുറത്തു വിട്ട “ദ ഇന്ത്യന്‍ എക്‌സ്പ്രസ്” പത്രം വെളിപ്പെടുത്തുന്നു. ഇതിന് പ്രതിഫലമായി 1.19 കോടി രൂപ ഗുലാം ഹസന്‍ മിറിന് സൈനിക രഹസ്യ ഫണ്ടില്‍ നിന്ന് നല്‍കിയതായും പറയുന്നു. ജനറല്‍ ബിക്രം സിംഗ് കരസേനാ മേധാവി ആകുന്നത് തടയാനായി കശ്മീരിലെ “യെസ് കാശ്മീര്‍” സംഘടനാ നേതാവ് ഹകീകത്ത് സിംഗിന് 2.38 കോടി രൂപ സേനയുടെ പേരില്‍ തന്നെ കൈമാറിയതായും ആരോപണമുണ്ട്.

വിവാദങ്ങള്‍ വിട്ടൊഴിയാതെ പിന്തുടരുകയും ദുരൂഹത ചൂഴ്ന്നു നില്‍ക്കുകയും ചെയ്ത സൈനിക മേധാവിയാണ് വി കെ സിംഗ്. തന്റെ സര്‍വീസ് കാലാവധി നീട്ടിക്കിട്ടാന്‍ സര്‍ ട്ടിഫിക്കറ്റിലെ ജനന തീയതി മാറ്റിത്തരണമെന്നാവശ്യപ്പെട്ട് പ്രതരോധ മന്ത്രാലയത്തിന് സിംഗ് നല്‍കിയ കത്താണ് ഏറെ വിവാദമായത്. മന്ത്രാലയം ഇത് നിരസിക്കുകയായിരുന്നു. സൈന്യത്തിനു വേണ്ടി നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങുന്നതിന് മുന്‍ ഡയറക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ തേജീന്ദര്‍ സിംഗ് 14 കോടി കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നും ഇക്കാര്യം പ്രതിരോധ മന്ത്രി എ കെ ആന്റണിയെ യഥാസമയം അറിയിച്ചിരുന്നുവെന്നുമുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ പാര്‍ലിമെന്റിനെ ഇളക്കി മറിച്ചിരുന്നു. എകെ ആന്റണിയെ തന്നെ പ്രതിക്കൂട്ടിലാക്കുന്ന ഈ ആരോപണത്തെക്കുറിച്ച് സി ബി ഐ അന്വേഷിച്ചു വരികയാണ്. തനിക്കും ശേഷം കരസേനാ മേധാവിയാകേണ്ടിയിരുന്ന ലഫ്.

ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗിനെതിരെ അഴിമതി അന്വേഷണം ആവശ്യപ്പെടുന്ന കത്ത് സി ബി ഐക്ക് വി കെ സിംഗ് കൈമാറിയതാണ് മറ്റൊരു വിവാദം. ദല്‍ബീര്‍ സിംഗ് സൈന്യത്തിന് ചില ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി നടന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് എം പി അംബികാ ബാനര്‍ജി 2011 മെയില്‍ നല്‍കിയ കത്താണ് അദ്ദേഹം സി ബി ഐക്ക് നല്‍കിയത്. ഇന്ത്യയുടെ സൈനിക ശേഷി അപര്യാപ്തമാണെന്ന് കാണിച്ച് സിംഗ് പ്രധാനമന്ത്രിക്ക് നേരിട്ട് കത്തയച്ചതും പാര്‍ലമെന്റില്‍ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. വയസ്സ് മാറ്റിക്കട്ടാനുള്ള അപേക്ഷ നിരസിച്ച എ കെ ആന്റണിയോടുള്ള നീരസമാണ് സിംഗിന്റെ ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
അതിനിടെ വി കെ സിംഗ് തന്നെ മറ്റൊരു ഗുരുതരമായ അഴിമതിയാരോപണത്തില്‍ കുരുങ്ങി. അദ്ദേഹം പൂര്‍വമേഖലാ കമാന്‍ഡ് മേധാവിയായിരുന്ന 2008-2010 കാലത്ത് പാരച്യൂട്ടും ജനറേറ്ററും ബാറ്ററിയും വാങ്ങിയതില്‍ അമ്പത് ലക്ഷത്തിന്റെ ക്രമക്കേട് നടന്നുവെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുകയുണ്ടായി.

വര്‍ഷം മെയ് 31ന് സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം സംഘ് പരിവാറിന്റെ സഹകാരിയായി പ്രവര്‍ത്തിച്ചു വരുന്ന വി കെ സിംഗിനെതിരെ ഇപ്പോള്‍ ഉയര്‍ന്നു വന്നത് ഒരു കരസേ നാമേധാവിക്കെതിരെ ഉന്നയിക്കപ്പെടുന്ന ഏറ്റവും വലിയ ആരോപണമാണ.് സ്ഥിരം സംഘര്‍ഷബാധിതവും ജനാധിപത്യ പ്രക്രിയയോട് പുറം തിരിഞ്ഞു നില്‍ക്കുകയും ചെയ്തിരുന്ന കശ്മീര്‍ അടുത്ത കാലത്താണ് ജനാധിപത്യ സംവിധാനങ്ങളുമായി സഹകരിക്കാന്‍ തുടങ്ങിയത്. ഇതുവഴി സംസ്ഥാനം പതുക്കെ പതുക്കെ സമാധാ നത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കയുമാണ്. ഈയൊ രവസ്ഥയില്‍ സംസ്ഥാനത്ത് രാഷ്ടീയ അസ്ഥിര തയുണ്ടായാല്‍ സംഘര്‍ഷാവസ്ഥ പൂര്‍വ്വോപരി തിരിച്ചു വരികയായിരിക്കും ഫലം. കാശ്മീരില്‍ മാത്രം ഒതുങ്ങില്ല അതിന്റെ പ്രത്യാഘാതം ; ഡല്‍ഹിയിലേക്കും നീളും. വെള്ളം കലക്കി മീന്‍ പിടിക്കാനൊരുമ്പെടുന്ന വര്‍ഗീയ ഫാസിസമായിരിക്കും ഇതിന്റെ ഗുണഭോക്താക്കളെ ന്നതിനാല്‍, വി കെ സിംഗിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണം ശരിയെങ്കില്‍ അതിനു പിന്നില്‍ വലിയൊരു ഹിഡന്‍ അജന്‍ഡയില്ലേ എന്ന് ബലമായി സംശയിക്കേണ്ടതുണ്ട്. വസ്തുത വെളിച്ചത്തു വരാന്‍ സമഗ്രമായ അന്വേഷണം അനിവാര്യമാണ്.

 

---- facebook comment plugin here -----

Latest