സാഹിത്യോത്സവ് അവാര്‍ഡ് പോക്കര്‍ കടലുണ്ടിക്ക് സമ്മാനിച്ചു

    Posted on: September 20, 2013 11:26 pm | Last updated: September 20, 2013 at 11:26 pm

    മണ്ണാര്‍ക്കാട്: കഴിഞ്ഞ വര്‍ഷത്തെ എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ്, എഴുത്തുകാരനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ പോക്കര്‍ കടലുണ്ടിക്ക് പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ സമ്മാനിച്ചു. ഡോ. ഹുസൈന്‍ രണ്ടത്താണി, കാസിം ഇരിക്കൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എസ് ശറഫുദ്ദീന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 1962 മുതല്‍ 1967 വരെ മധുരയിലെ ഗാന്ധിഗ്രാം റൂറല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് അഡിമിനിസ്‌ട്രേഷന്‍, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജിയില്‍ ബിരുദവും കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ആന്‍ഡ് എക്സ്റ്റഷനില്‍ പ്രത്യേക പഠനവും നടത്തിയ പോക്കര്‍ കേരള യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എം എയും കരസ്ഥമാക്കിയിട്ടുണ്ട്. ചന്ദ്രിക, സിറാജ്, മാധ്യമം പത്രങ്ങളുടെയും ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെയും സഹപത്രാധിപന്‍, ലീഗ് ടൈംസ് ചീഫ് സബ് എഡിറ്റര്‍, പൂങ്കാവനം ഇസ്‌ലാമിക വിജ്ഞാന കോശത്തിന്റെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഹമ്മദ് നബിയെ കുറിച്ച് പ്രൊഫ. സയ്യിദ് ഇബ്‌റാഹിം തമിഴില്‍ രചിച്ച പ്രവാചക ചരിത്ര കൃതിയുടെ മലയാളം പരിഭാഷ, ശീറാസിലെ പൂങ്കുയില്‍, ഗുലിസ്താന്‍ ബോസ്താന്‍ കഥകള്‍, അല്ലാഹുവിന്റെ വാള്‍, അടിയാരുടെ പ്രവാചക പത്‌നിമാര്‍, കൊടിക്കാല്‍ ചെല്ലപ്പയുടെ പുറപ്പെട്, നീയും ഇസ്‌ലാത്തൈ നോക്കി എന്ന തമിഴ് കൃതിയുടെ വിവര്‍ത്തനം, സൂഫീ കഥകള്‍, ജലാലുദ്ദീന്‍ റൂമി, അറിവിന്റെ കവാടം എന്നിവയടക്കം 14 കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കടലുണ്ടി നഗരം ആനങ്ങാടി സ്വദേശിയാണ്.