ഓണം വാരാഘോഷം സമാപിച്ചു

Posted on: September 20, 2013 10:49 pm | Last updated: September 20, 2013 at 10:49 pm

തിരുവനന്തപുരം: വര്‍ണശബളമായ ഘോഷയാത്രയോടെ സംസ്ഥാന ടൂറിസം വകുപ്പിന് നീകിഴില്‍ നടന്ന ഒരാഴ്ച നീണ്ടു നിന്ന ഓണം വാരാഘോഷം സമാപിച്ചു. ഇന്നലെ വൈകുന്നേരം നാല് മണിയോടെ കവടിയാറില്‍ നിന്നാരംംഭിച്ച ഘോഷയാത്ര രാത്രി എട്ട് മണിയോടെ പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിച്ചു.

വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ 150 ലധികം പ്ലോട്ടുകളും പഞ്ചവാദ്യവും പഞ്ചാരി മേളവും കാവടിയും, ഘോഷയാത്രക്ക് കൊഴുപ്പേകി. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാരിതര സ്ഥാപനങ്ങള്‍, വിവിധ ജില്ലകളിലെ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകള്‍, ബേങ്കുകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നൂറ്റമ്പതിലധിം നിശ്ചലദൃശ്യങ്ങള്‍ ഘോഷയാത്രയില്‍ അണിനിരന്നു.
കാവടി, അശ്വാരൂഢസേന, മോഹിനിയാട്ട വേഷക്കാര്‍, തായമ്പക, കളരിപ്പയറ്റ്, റോളര്‍ സ്‌കേറ്റിംഗ്, ദഫ്മുട്ട്, കോല്‍ക്കളി, ഇതര സംസ്ഥാന കലാരൂപങ്ങളായ യക്ഷഗാനം, ഗുജറാത്തി നൃത്തം, മണിപ്പുരി നൃത്തം, ബംഗറ എന്നിവ പകിട്ടേകി. പൊയ്ക്കാല്‍ മനുഷ്യര്‍, പൊയ്ക്കാല്‍ മയില്‍, പീലിത്തെയ്യം മയിലാട്ടം, ഗരുഡന്‍ പറവ, മയൂരനൃത്തം, നാഗനൃത്തം, വേട്ടക്കാരനും വേടത്തിയും തുടങ്ങി അപൂര്‍വ ഇനം കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരന്നു. കേരളീയ കലാരൂപങ്ങള്‍ക്ക് പുറമെ തമിഴ്‌നാട്, കര്‍ണാടക, മണിപ്പൂര്‍ എന്നിവിടങ്ങളിലെ കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരന്നു. ഗവര്‍ണര്‍ നിഖില്‍ കുമാര്‍ ഫഌഗ്ഓഫ് ചെയ്ത ഘോഷയാത്ര കാണാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രി ശശിതരൂര്‍ മന്ത്രിമാരായ കെ സി ജോസഫ്, എ പി അനില്‍കുമാര്‍, മേയര്‍ കെ ചന്ദ്രിക തുടങ്ങിയവര്‍ എത്തിയിരുന്നു.