കെ എസ് ആര്‍ ടി സിക്ക് പുറത്ത് നിന്ന് ഇന്ധനം നിറക്കാം

Posted on: September 20, 2013 2:10 pm | Last updated: September 21, 2013 at 6:11 pm

ksrtcതിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം നിറക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. കെ എസ് ആര്‍ ടി സിയുടെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തരമായി പത്ത് കോടി രൂപ അനുവദിച്ചതായും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

കെ എസ് ആര്‍ ടി സിയുടെ 67 പമ്പുകള്‍ സപ്ലൈകോയ്്ക്ക് നല്‍കുന്നതിന് മന്ത്രിസഭാ യോഗം നയപരമായ അംഗീകാരം നല്‍കി. ഇവയില്‍നിന്നും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും അര്‍ദ്ധ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാന്‍ അനുമതി നല്‍കും. എണ്ണകമ്പനികള്‍ ആവശ്യപ്പെട്ടാല്‍ പൊതു ജനങ്ങള്‍ക്കും ഇവിടെ നിന്നും ഇന്ധനം നിറയക്കാന്‍ അവസരമൊരുക്കും. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ കെ എസ് ആര്‍ ടി സിക്ക് പുറത്ത് നിന്ന് ഇന്ധനം നിറയ്ക്കാം. ഇതിനായാണ് പത്ത് കോടി രൂപ അനുവദിച്ചിരിക്കുന്നത്.

കെ എസ് ആര്‍ ടി സിയുടെ സമഗ്ര പരിഷ്‌കാരത്തിന് പദ്ധതി തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രിസഭായോഗം നിര്‍ദ്ദേശം നല്‍കി. രണ്ടാഴ്ചക്കം റിപ്പോര്‍ട്ട് സമര്‍പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സബര്‍ബന്‍ റയില്‍ കോറിഡോര്‍ പദ്ധതിക്ക് 10.99 കോടി രൂപ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. തിരുവനന്തപുരം- ചെങ്ങന്നൂര്‍-ഹരിപ്പാട് റൂട്ടിലായിരിക്കും സബര്‍ബന്‍ റയില്‍ കോറിഡോര്‍.  3500 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. . ഇതിന്റെ മേല്‍നോട്ടത്തിനായി ചീഫ് സെക്രട്ടറി ചെയര്‍മാനായ അഞ്ചംഗ ജോയിന്റ് സ്റ്റിയറിങ് സമിതി രൂപീകരിച്ചു.

ഏഴ് ബോഗികള്‍ വീതമുള്ള 10 മെമ്മൂകളും സബര്‍ബന്‍ ഇടനാഴി വഴി സര്‍വീസ് നടത്തും. സബര്‍ബന്‍ റയില്‍ കോറിഡോര്‍ യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ALSO READ  താങ്ങാനാകാതെ ഇന്ധനവില; പൊതുഗതാഗതം തകർച്ചയിലേക്ക്