മദ്യമന്ത്രിയുടെ ഗുണകാംക്ഷ

Posted on: September 20, 2013 6:09 am | Last updated: September 20, 2013 at 1:14 am

alcoholic‘സ്ത്രീകള്‍ക്ക് പ്രത്യേക ക്യൂ ഇല്ല’- വൈദ്യുതി ഓഫീസിലും ബി എസ് എന്‍ എല്‍ ഓഫീസിലും എഴുതി വെച്ചിരിക്കുന്നു. നമ്മുടെ ബീവറേജസ് കോര്‍പ്പറേഷന്‍ എന്ന സര്‍ക്കാര്‍ മദ്യഷാപ്പിന്റെ മുമ്പില്‍ ഈ ബോര്‍ഡ് ഇല്ലെന്നേ ഉള്ളൂ. അവിടെയും സ്ത്രീകള്‍ക്ക് പ്രത്യേക വരി ഇല്ല. വല്ലവളും കുപ്പി വാങ്ങാന്‍ വന്നാല്‍ മദ്യമന്ത്രിയേക്കാള്‍ ഗുണകാംക്ഷികളായ മദ്യപരായ മാന്യന്മാര്‍ അവളെ വരിക്കു നിര്‍ത്തിച്ച് കഷ്ടപ്പെടുത്തില്ല. അപ്പോള്‍ അവരുടെ സന്മനോഭാവവും ഗുണകാംക്ഷയും ഉണരും.
ഇനിയിപ്പോള്‍ അതിന്റെയും ആവശ്യമുണ്ടാകുമെന്ന് തോന്നുന്നില്ല. നമ്മുടെ മദ്യമന്ത്രി ക്യൂ നില്‍ക്കുന്ന മദ്യപരുടെ കഷ്ടപ്പാടുകള്‍ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. ഇനി അദ്ദേഹം സ്ത്രീകള്‍ക്ക് പ്രത്യേക ക്യൂ ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. ഉടന്‍ ഉത്തരവിറങ്ങും.
മദ്യം വാങ്ങാന്‍ ക്യൂ നിന്ന് കഷ്ടപ്പെടുന്ന വികലാംഗരുടെ (ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ എന്ന് ശ്രേഷ്ഠ മലയാളം) ദുരിതം മനസ്സിലാക്കി അവര്‍ക്ക് പ്രത്യേക ക്യൂ അനുവദിക്കുമെന്ന് കരുണാമയനായ മദ്യമന്ത്രി കെ ബാബു പ്രസ്താവിച്ചതു കണ്ടില്ലേ? മദ്യ ഷാപ്പിന്റെ നീണ്ട ക്യൂവില്‍ മുടന്തി മുടന്തി മുന്നോട്ട് നീങ്ങുന്ന പാവം വികലാംഗന്റെ ദയനീയത മന്ത്രിയെ അസ്വസ്ഥനാക്കിയിട്ടുണ്ടാകണം. അതുകൊണ്ടു തന്നെ അദ്ദേഹം സ്ഥാപന എം ഡിക്ക് കല്‍പ്പന കൊടുത്തു. മദ്യഷാപ്പിന് മുമ്പില്‍ വരി ഒന്നുകൂടി വരട്ടെ. മന്ത്രിയുടെ ഗുണകാംക്ഷ ഇവിടെ അവസാനിപ്പിക്കരുത്. പറ്റുമെങ്കില്‍ വികലാംഗര്‍ക്കും വരി നില്‍ക്കാന്‍ കഴിയാത്തവര്‍ക്കും കിടപ്പിലായവര്‍ക്കുമൊക്കെ കുപ്പി വീട്ടിലേക്കെത്തിക്കാന്‍ ഔദ്യോഗിക സംവിധാനമൊരുക്കണം.
വൈകാതെ, രണ്ട് കാലില്‍ ക്യൂ നില്‍ക്കുന്നവരുടെ കാര്യവും മന്ത്രി പരിഗണിക്കുമെന്ന് വിചാരിക്കുക. അല്ലെങ്കിലും കഷ്ടമാണ് മിക്കവരുടെയും കാര്യം. ജോലി ചെയ്ത് ക്ഷീണിച്ചുള്ള നില്‍പ്പ് കണ്ടാല്‍ ഏത് എക്‌സൈസ് മന്ത്രിക്കാണ് സഹതാപം തോന്നാതിരിക്കുക?
വൈകല്യമില്ലാ മദ്യപാനികള്‍ തന്നെ രണ്ട് കാലിലല്ല വീട്ടിലെത്തുന്നത്. അപ്പോള്‍ പിന്നെ വൈകല്യമുള്ളവരുടെ വരവ് എങ്ങനെയായിരിക്കും എന്നായിരിക്കും പെണ്ണുങ്ങളുടെ പരിഭവം.
വൈകല്യമുള്ളവര്‍ വലിയ ദുരിതമനുഭവിക്കുന്നവരാണെന്ന് ഏത് മന്ത്രിക്കും അറിയുന്ന കാര്യമാണ്. അവര്‍ക്ക് എളുപ്പം കുപ്പി കൊടുത്ത് കഷ്ടപ്പാടിന്റെ വീര്യം കൂട്ടാന്‍ തന്നെയാണോ മദ്യമന്ത്രി ശ്രമിക്കുന്നത് എന്നൊന്നും ആരും സംശയിക്കരുത്. വികലാംഗ കുടുംബങ്ങളുടെ കുളം തോണ്ടിയിട്ട് തന്നെ ബാക്കി കാര്യം എന്നാണ് സര്‍ക്കാര്‍ തീരുമാനം. തരതമ്യേന കഷ്ടപ്പാടുകള്‍ നിറഞ്ഞ ആ ജന്മങ്ങളെ അങ്ങനെ വിട്ടാല്‍ പറ്റില്ല. ആ വീടുകളിലെ സ്ത്രീകളെയും കുട്ടികളെയും നശിപ്പിക്കുക തന്നെ. വൈകല്യമുള്ളവരുടെതായാലും അല്ലാത്തവരുടെതായാലും കുപ്പി ചെലവാകണം. സര്‍ക്കാറിന് ഖജനാവ് നിറയണം. അതിന് മദ്യ നയം ഉദാരമാക്കണം.
വികലാംഗരുടെ വോട്ട് കിട്ടിയില്ലെങ്കിലും അവരുടെ ഭാര്യമാരുടെയും മക്കളുടെയും വോട്ട് മദ്യമന്ത്രിക്ക് കിട്ടും. കട്ടായം.
ഈ നിലക്ക് പോയാല്‍ വേറെ എവിടെയെല്ലാം വികലാംഗര്‍ക്ക് വേറെ വരി ഉണ്ടാകും?

 

[email protected]