എം വി രാഘവന്റെ ആരോഗ്യനിലയില്‍ പുരോഗതി

Posted on: September 20, 2013 12:56 am | Last updated: September 20, 2013 at 12:56 am

mv ragavanകണ്ണൂര്‍: പരിയാരം സഹകരണ ഹൃദയാലയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മുന്‍ മന്ത്രിയും സി എം പി ജനറല്‍ സെക്രട്ടറിയുമായ എം വി രാഘവന്റെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി. ഇന്റന്‍സീവ് തെറാപ്പി യൂനിറ്റില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന എം വി ആറിന്റെ ആരോഗ്യനിലയില്‍ 70 ശതമാനം പുരോഗതിയുണ്ടായതായി ഇന്നലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ബോധം വീണ്ടെടുത്ത എം വി ആര്‍ സംഭാഷണത്തോട് പ്രതികരിക്കുന്നുണ്ട്. ശ്വാസകോശ പ്രവര്‍ത്തനവും മെച്ചപ്പെട്ടു. രക്തസമ്മര്‍ദവും പ്രമേഹവും നിയന്ത്രണവിധേയമാണ്. ട്യൂബ് വഴി ഭക്ഷണവും നല്‍കിവരുന്നുണ്ട്. ഇന്നലെ രാവിലെ സ്വയം എഴുന്നേറ്റിരുന്ന എം വി ആറിന്റെ കൈകാലുകളുടെ ബലക്കുറവ് പരിഹരിക്കാന്‍ ഫിസിയോ തെറാപ്പി തുടങ്ങിയിട്ടുണ്ട്.
രക്തസമ്മര്‍ദവും പ്രമേഹവും അധികമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് എം വി ആറിനെ അബോധാവസ്ഥയില്‍ പരിയാരത്ത് പ്രവേശിപ്പിച്ചത്. അണുബാധയേല്‍ക്കുന്നതു തടയാന്‍ സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രായാധിക്യരോഗത്തിനൊപ്പം പാര്‍ക്കിന്‍സണ്‍ രോഗവും അദ്ദേഹത്തെ അലട്ടുന്നുണ്ട്. നേരിയ തോതിലുള്ള ഹൃദയാഘാതവും സംഭവിച്ചിരുന്നു. ആമാശയത്തിലേക്കു രക്തസ്രാവം ഉണ്ടായതിന്റെ ലക്ഷണങ്ങളുമുണ്ട്.