ബസുകള്‍ക്ക് ഇന്‍ഷ്വറന്‍സില്ല:ഉടമക്കെതിരെ കേസെടുക്കും

Posted on: September 19, 2013 12:31 am | Last updated: September 19, 2013 at 12:31 am

മലപ്പുറം: താനൂരില്‍ എട്ട് പേരുടെ മരണത്തിനിടയാക്കിയ ബസ് ഉടമക്കെതിരെ പോലീസ് കേസെടുക്കും. ബസുടമ ഇന്‍ഷ്വറന്‍സ് അടച്ചില്ലെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുക്കുക. തേലക്കാട് 15 പേരുടെ മരണത്തിനിടയാക്കിയ മിനി ബസിനും ഇന്‍ഷ്വറന്‍സ് കവറേജില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കോഴിക്കോട്-തിരൂര്‍ റൂട്ടിലോടുന്ന എ ടി എ ബസുടമക്ക് ഇന്‍ഷ്വറന്‍സ് രേഖകള്‍ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് മലപ്പുറം റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ എം വി അജിത് കുമാര്‍ പറഞ്ഞു. ബസിന് ഇന്‍ഷ്വറന്‍സ് രേഖകളില്ലെന്ന നിഗമനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍. അപകടമുണ്ടായതിന് ശേഷം ഉടമ ഇന്‍ഷ്വറന്‍സ് രേഖകള്‍ ഹാജരാക്കാമെന്ന് അറിയിച്ചിരുന്നു. സ്വകാര്യ ബേങ്കിന്റെ കൈവശമാണ് സര്‍ട്ടിഫിക്കറ്റ് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉടമ അറിയച്ചത്. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് ഉദ്യോഗസ്ഥരോട് ബസുടമ സമയം ആവശ്യപ്പെട്ടിരുന്നു. അപകടം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പോലീസ് കേസെടുക്കുന്നത്. ഇന്‍ഷ്വറന്‍സ് പുതുക്കിയിട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും പോലീസില്‍ അറിയിച്ചിട്ടുണ്ട്.
ഇന്‍ഷ്വറന്‍സ് പുതുക്കാതെയാണ് ജില്ലയിലെ മിക്ക സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നതെന്ന് ആര്‍ ടി ഒ വകുപ്പിന് വിവരം കിട്ടിയിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം ബസുകള്‍ അപകടമുണ്ടാക്കിയാല്‍ ഇരയാകുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷണം കിട്ടാത്ത സാഹചര്യമാണുള്ളത്. ഇന്‍ഷ്വറന്‍സ് പുതുക്കിയില്ലെങ്കില്‍ ആര്‍ സി ഉടമക്കാണ് നഷ്ടപരിഹാരം നല്‍കേണ്ട ഉത്തരവാദിത്വം.
എന്നാല്‍ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പില്‍ നിന്ന് ഔദ്യോഗികമായി അപകടമുണ്ടാക്കിയ ബസിന് ഇന്‍ഷ്വറന്‍സ് ഇല്ലെന്ന് അറിയിച്ചിട്ടില്ലെന്ന താനൂര്‍ സി ഐ കെ സന്തോഷ് അറിയിച്ചു. ആര്‍ സി ഉടമ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്നും സി ഐ അറിയിച്ചു.