ആര്‍ എം എസ് എ സ്‌കൂള്‍ അധ്യാപകര്‍ക്ക് മാസങ്ങളായി ശമ്പളമില്ല

Posted on: September 18, 2013 11:43 am | Last updated: September 18, 2013 at 11:43 am

കുറ്റിയാടി: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അപ്‌ഗ്രേഡ് ചെയ്ത 36 സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് മാസങ്ങളായി ശമ്പളമില്ല. യു പി സ്‌കൂളുകള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തിയ ഈ വിദ്യാലയങ്ങളില്‍ 216 അധ്യാപകരെയാണ് നിയമിച്ചിരിക്കുന്നത്.
ഇവരില്‍ ഭൂരിഭാഗവും ദിവസ വേതനാടിസ്ഥാനത്തിലാണ്. എന്നാല്‍ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ച് നാല് മാസമായിട്ടും ഇതുവരെ ഒരാള്‍ക്ക് പോലും വേതനം ലഭിച്ചിട്ടില്ല. മറ്റ് അധ്യാപകരും ജീവനക്കാരും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാങ്ങുമ്പോള്‍ നോക്കിയിരിക്കേണ്ട അവസ്ഥയിലാണ് ഇവര്‍.
ഈ വിദ്യാലയങ്ങളില്‍ ആവശ്യമായ തസ്തികകള്‍ അനുവദിച്ചുകൊണ്ട് മന്ത്രിസഭ തീരുമാനമുണ്ടായിട്ട് മാസങ്ങളായി. എന്നാല്‍ ഇത് സര്‍ക്കാര്‍ ഉത്തവരായി ഇറങ്ങാത്തതാണ് ആര്‍ എം എസ് എ ഫണ്ട് അനുവദിക്കാതിരിക്കാന്‍ കാരണമത്രെ. വിദ്യാഭ്യാസ വകുപ്പിലെയും ധനകാര്യ വകുപ്പിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് നൂറുക്കണക്കിന് കുടുംബങ്ങളുടെ ഓണം ദുരിത പൂര്‍ണമാക്കാന്‍ കാരണമെന്നാണ് ആക്ഷേപം. അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ ഫണ്ട് ആര്‍ എം എസ് എ മുഖേന കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടും ഇതുവരെ സ്‌കൂളുകള്‍ക്ക് ലഭിച്ചിട്ടില്ല.
കെട്ടിടം, ഫര്‍ണീച്ചര്‍, ടോയ്‌ലെറ്റുകള്‍, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയാല്‍ മാത്രമേ ഹൈസ്‌കൂള്‍ പ്രവര്‍ത്തനം സുഗമമാകുകയുള്ളൂ. അടുത്ത അധ്യയന വര്‍ഷമെങ്കിലും ഈ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഫണ്ട് ഉടനെ അനുവദിക്കണമെന്നാണ് ആവശ്യമുയരുന്നത്.