ഓണനാളില്‍ പ്രതി എത്തിയെന്ന് സംശയം; ആര്‍ എസ് എസുകാര്‍ വീട് വളഞ്ഞു

Posted on: September 18, 2013 11:42 am | Last updated: September 18, 2013 at 11:42 am

പയ്യോളി: ചൊറിയന്‍ ചാലില്‍ താരമ്മല്‍ സി ടി മനോജ് വധക്കേസിലെ പ്രതി ബന്ധുവീട്ടിലെത്തിയെന്നാരോപിച്ച് ആര്‍ എസ് എസ,് ബി ജെ പി പ്രവര്‍ത്തകര്‍ വീടുവളഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സി പി എം അയനിക്കാട് സന ബ്രാഞ്ച് മെമ്പര്‍ വലിയാവിയില്‍ ഗോപാലന്റെ വീടാണ് തിരുവോണ ദിവസം ഉച്ചയോടെ ഒരു സംഘം വളഞ്ഞത് . ബി എം എസ് പ്രവര്‍ത്തകന്‍ മനോജ് വധക്കേസില്‍ ഹൈക്കോടതി ജാമ്യം നല്‍കിയ കമ്പിവളപ്പില്‍ നിധീഷ് ജാമ്യ വ്യവസ്ഥ ലംഘിച്ച് വീട്ടിലെത്തിയിട്ടുണ്ട് എന്ന് ആരോപിച്ചാണ് ഇവര്‍ ഇവിടെയെത്തിയത്. കൊയിലാണ്ടി താലൂക്കില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെ മനോജ് വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും അവരുടെ വീടുകളിലോ ബന്ധുവീടുകളിലോ ഇതുവരെ എത്താന്‍ കഴിഞ്ഞിരുന്നില്ല. തിരുവോണ ദിവസമായ തിങ്കളാഴ്ച നിധീഷ് ഭാര്യാവീട്ടിലെത്തുമെന്ന് കരുതിയാണ് ബി ജെ പി പ്രവര്‍ത്തകര്‍ ഗോപാലന്റെ വീടുവളഞ്ഞത്.
സംഭവമറിഞ്ഞ് പയ്യോളി സി ഐ കെ കെ വിനോദ്, എസ് ഐ. എന്‍ രാജേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം വീട് പരിശോധിച്ചെങ്കിലും പ്രതിയെ കണ്ടെത്തിയില്ല. തുടര്‍ന്ന് എല്ലാവരും പിരിഞ്ഞുപോയി. സംഭവമറിഞ്ഞ് സി പി എം ലോക്കല്‍ സെക്രട്ടറി പി വി രാമചന്ദ്രന്‍, അംഗങ്ങളായ എന്‍ സി മുസ്തഫ, എ നസീര്‍, എന്‍ ടി രാജന്‍ എന്നിവര്‍ ഗോപാലന്റെ വീട്ടിലെത്തി.