ഉള്ളി, പച്ചക്കറി വില ഉടനെയൊന്നും കുറയില്ലെന്ന് വ്യാപാരികള്‍

Posted on: September 17, 2013 11:29 pm | Last updated: September 17, 2013 at 11:29 pm

onionsന്യൂഡല്‍ഹി: ഉള്ളി, പച്ചക്കറി എന്നിവയുടെ വില അടുത്ത മാസം 15 വരെ കുറയാന്‍ സാധ്യതയില്ലെന്ന് മൊത്ത വില്‍പ്പനക്കാര്‍. ഉള്ളി മൊത്ത വില്‍പ്പന നടത്തുന്നത് കിലോക്ക് 60 മുതല്‍ 70 വരെ രൂപക്കാണ്. ഉത്സവ സീസണായതിനാല്‍ ദീപാവലി വരെ വിലയില്‍ യാതൊരു കുറവുമുണ്ടാവുകയില്ലെന്നാണ് വിലയിരുത്തല്‍.
വേണ്ടത്ര സ്റ്റോക്ക് ഇല്ലാത്തതും ഗുജറാത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും പച്ചക്കറി വരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിനു കാരണമെന്ന് കച്ചവടക്കാര്‍ പറഞ്ഞു. ഉള്ളിയുടെ വരവാണ് ഇത്തരത്തില്‍ കുത്തനെ കുറഞ്ഞത്.
ലഭ്യത കുറയുകയും ആവശ്യം കൂടുകയും ചെയ്തതോടെ വില കുതിച്ചുയരുകയായിരുന്നു. വിലക്കയറ്റം വില്‍പ്പനയെ ബാധിച്ചിട്ടില്ലെന്ന് അഗ്രികള്‍ച്ചര്‍ പ്രൊഡക്റ്റ് മാര്‍ക്കറ്റിംഗ് ഡെപ്യൂട്ടി സെക്രട്ടറി ആദിത്യ മിശ്ര പറഞ്ഞു. ജൂണില്‍ കിലോക്ക് 55 രൂപ വിലയുണ്ടായിരുന്ന ഉള്ളി മൂന്ന് മാസം കൊണ്ട് 70 രൂപയില്‍ എത്തി നില്‍ക്കുകയാണ്. രണ്ട് തരം ഉള്ളിയാണ് ചില്ലറ വില്‍പ്പനക്ക് വരുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. ഒന്നാം തരം ഉള്ളിക്ക് കിലോക്ക് 80ഉം രണ്ടാം തരം 75 രൂപയുമാണ് വില.