ഗുണ്ടര്‍ട്ടിന്റെ പുസ്തക ശേഖരം ഇനി മലയാളികള്‍ക്ക് സ്വന്തം

Posted on: September 16, 2013 6:33 am | Last updated: September 16, 2013 at 12:34 am

gundert-knr

മലപ്പുറം: കേരളത്തിനും മലയാള ഭാഷക്കും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായിരുന്ന ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പുസ്തക ശേഖരം മലയാളത്തിന്റെ പൊതുസ്വത്തായി മാറുന്നു. 25 വര്‍ഷത്തോളം കേരളത്തില്‍ താമസിച്ച് മലയാളം പഠിച്ച് മലയാളത്തിന് നിഘണ്ടുവും വ്യാകരണവും രചിച്ച ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് 1859ല്‍ ജര്‍മനിയിലേക്ക് മടങ്ങുമ്പോള്‍ തന്റെ സ്വകാര്യ പുസ്തകശേഖരത്തില്‍ ഉള്‍പ്പെടുന്ന പുസ്തകങ്ങളും കൈയെഴുത്ത് രേഖകളും താളിയോലകളും കൂടെ കൊണ്ടുപോയിരുന്നു. ഗുണ്ടര്‍ട്ടിന്റെ കാലശേഷം ഇവ ജര്‍മനിയിലെ ട്യൂബിങ്ങന്‍ സര്‍വകലാശാലയില്‍ സൂക്ഷിച്ചിരിക്കയായിരുന്നു. ഈ പുസ്തക ശേഖരത്തിന്റെ ഡിജിറ്റല്‍ സ്‌കാനുകള്‍ സൗജന്യമായി ലഭ്യമാക്കാന്‍ ട്യൂബിങ്ങന്‍ സര്‍വകലാശാലാ അധികൃതര്‍ തീരുമാനിച്ചതോട ഇത് ആര്‍ക്കും ലഭ്യമാകുന്ന ഒന്നായി. ഇത് സംബന്ധിച്ച പ്രഖ്യാപനം സര്‍വകലാശാലാ പ്രതിനിധി ഡോ. ഹൈക്കെ മോസര്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തി.
ട്യൂബിങ്ങന്‍ സര്‍വകലാശാല ലൈബ്രറിയില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടുമായി ബന്ധപ്പെട്ട മലയാള പുസ്തകങ്ങളുടെ ഒരു ശേഖരം ഉണ്ടെന്ന് മനസ്സിലാക്കിയ മലയാളം വിക്കി പ്രവര്‍ത്തകനായ ഷിജു അലക്‌സ് പുസ്തകങ്ങളുടെ ഡിജിറ്റല്‍ സ്‌കാനുകള്‍ ലഭിക്കാന്‍ നടത്തിയ ശ്രമമാണ് വിജയം കണ്ടത്. മാസങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് സര്‍വകലാശാലാ ലൈബ്രറിയയിലുള്ള ഗുണ്ടര്‍ട്ട് ശേഖരം ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതി തുടങ്ങാന്‍ ധാരണയായത്. സര്‍വകലാശാലയിലെ ഇന്‍ഡോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫസറായ ഹൈക്കെ മോസര്‍ ആണ് ഇതിന് മുന്‍കൈ എടുത്തത്. ലൈബ്രറി ഡയറക്ടറുമായി ബന്ധപ്പെട്ട് ഈ ശേഖരം സര്‍വകലാശാല തന്നെ സ്‌കാന്‍ ചെയ്യാനായി പ്രത്യേക പ്രോജക്ട് തയ്യാറാക്കുകയായിരുന്നു.
1845ല്‍ മംഗലാപുരം ബാസല്‍ മിഷന്‍ പ്രസ്സില്‍ അച്ചടിച്ച പഴഞ്ചൊല്‍മാല, 1850ല്‍ തലശ്ശേരി ബാസല്‍ മിഷന്‍ പ്രസ്സില്‍ അച്ചടിച്ച ഒരായിരം പഴഞ്ചൊല്‍ എന്നിവയുടെ സ്‌കാന്‍ ചെയ്ത ഫയലുകളാണ് മലയാളം വിക്കി ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്ക് സര്‍വകലാശാലാ അധികൃതര്‍ കൈമാറിയത്. ഏതാനും മാസങ്ങള്‍ക്കകം പദ്ധതി പൂര്‍ണമാകുന്നതോടെ അമൂല്യമായ ഗുണ്ടര്‍ട്ട് ശേഖരം ലോകത്തെവിടെയും ആര്‍ക്കും സ്വന്തം കമ്പ്യൂട്ടറില്‍ ലഭ്യമാകും. സര്‍വകലാശാലയില്‍ നിന്ന് ഗുണ്ടര്‍ട്ട് ശേഖരത്തിലെ പുസ്തകങ്ങളുടെ സ്‌കാനുകള്‍ ലഭ്യമാകുന്ന മുറക്ക് അവ സൗജന്യ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ സഹോദര സംരംഭമായ മലയാളം വിക്കി ഗ്രന്ഥശാലയില്‍ ചേര്‍ക്കും. ‘ഒരായിരം പഴഞ്ചൊല്ല്’ എന്ന കൃതി ഇതിനകം വിക്കി ഗ്രന്ഥശാലയുടെ ഭാഗമായിട്ടുണ്ട്. കൊല്ലം, കോട്ടയം, കണ്ണൂര്‍ ജില്ലകളിലെ സ്‌കൂള്‍ കുട്ടികളാണ് ഇത് വിക്കി ഗ്രന്ഥശാലയില്‍ ചേര്‍ത്തത്.