മാവേലി സ്റ്റോറുകളില്‍ അവശ്യസാധനങ്ങള്‍ കിട്ടാനില്ല

Posted on: September 14, 2013 1:13 am | Last updated: September 14, 2013 at 1:13 am

കൂറ്റനാട്: ഓണം സബ്‌സിഡി മാവേലി സ്റ്റോറുകളില്‍ വന്‍ തിരക്ക്. പുലര്‍ച്ചെ വന്ന് വരിയില്‍ നിന്നവര്‍ക്ക് ഊഴമെത്തുമ്പോള്‍ അവശ്യസാധനങ്ങള്‍ കിട്ടാതെ മടങ്ങേണ്ടി വരുന്നു. കൂറ്റനാട്, തൃത്താല, പടിഞ്ഞാറങ്ങാടി എന്നിവിടങ്ങളിലെ മാവേലിസ്റ്റോറുകളിലെത്തിയവര്‍ക്കാണ് അവശ്യസാധനങ്ങള്‍ കിട്ടാതെ മടങ്ങേണ്ടി വന്നത്. കൂറ്റനാട് സപ്ലൈകോ സ്റ്റോറില്‍ പച്ചരി, കുറുവ അരി, വെളിച്ചണ്ണ തുടങ്ങിയ മുഖ്യസാധനങ്ങള്‍ തീര്‍ന്നു. കുറ്റനാട്ടിലെ ത്രിവേണി സ്റ്റോറില്‍ സബ്‌സിഡി ഇനത്തില്‍ പഞ്ചസാര, ഉഴുന്ന്, പരിപ്പ്, ചെറുപയര്‍ തുടങ്ങിയ ഒന്നും തന്നെയില്ല. അരി മാത്രമാണ് ത്രിവേണിയില്‍ നിന്നും ലഭിക്കുന്നത്. കഴിഞ്ഞ എട്ടാം തിയതി മുതല്‍ തന്നെ ഇവയെല്ലാം കഴിഞ്ഞിരുന്നു. എന്നാല്‍ സബ്‌സിഡി ഇല്ലാതെ ഇവയെല്ലാം ത്രിവേണിയില്‍ നിന്നും വിറ്റഴിക്കുന്നുണ്ട്. സ്റ്റോറില്‍ കുറുവ അരിയുടെ ചാക്കുകള്‍ അട്ടിക്കിട്ടിട്ടുണ്ടെന്നും അവയെല്ലാം പൂഴിത്തിവെക്കുകയാണെന്നുമാണ് നാട്ടുകാരുടെ അക്ഷേപം. അവശ്യ സാധനങ്ങള്‍ മാവേലിയില്‍ നിന്നും നല്‍കാതെ അധികൃതര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നാണ് പൊതുജനാഭിപ്രായം. കൂറ്റനാട് സപ്ലൈകോ ഓഫീസിന്റെ പ്രവര്‍ത്തി സമയം മാറ്റിയതും ജനങ്ങളെ ക്ഷുഭിതരാക്കിയിട്ടുണ്ട്.