എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് കൂത്തുപറമ്പില്‍ ഇന്ന് വേദിയുണരും

Posted on: September 14, 2013 6:00 am | Last updated: September 13, 2013 at 10:32 pm

കൂത്തുപറമ്പ്: ടിപ്പുവിന്റെ പടയോട്ടങ്ങള്‍ക്കും ചെറുത്തുനില്‍പ്പുകള്‍ക്കും സാക്ഷിയായ കൂത്തുപറമ്പില്‍ ഇന്ന് എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് വേദിയുണരും. ഇനിയുള്ള രണ്ട് ദിനരാത്രങ്ങള്‍ മാലകളുടെയും മൗലീദുകളുടെയും കാവ്യച്ചോലകളാലും മാപ്പിളപ്പാട്ടിന്റെയും അറബന മുട്ടിന്റെയും ഇശലുകളാലും മുഖരിതമാകും.
ഏഴ് വര്‍ഷത്തിന് ശേഷം കൂത്തുപറമ്പില്‍ നടക്കുന്ന ജില്ലാ സാഹിത്യോത്സവ് ചരിത്ര സംഭവമാക്കാന്‍ ആഴ്ചകള്‍ക്ക് മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. സര്‍ഗധന്യതയുടെ മൂന്നാം പെരുന്നാളിന് സംഗമിക്കാനെത്തുന്ന പ്രതിഭകള്‍ക്ക് ആതിഥ്യമരുളാന്‍ ഒരു നാട് ഒന്നടങ്കം കൈകോര്‍ക്കുകയായിരുന്നു.
സാഹിത്യോത്സവിനോടനുബന്ധിച്ചുള്ള പരിപാടികള്‍ ഒരാഴ്ച മുമ്പേ ആരംഭിച്ചിരുന്നു. ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് കൂത്തുപറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ നിര്‍വഹിക്കും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ഫൈളുറഹ്മാന്‍ ഇര്‍ഫാനി അധ്യക്ഷത വഹിക്കും. രാഷ്ട്രീ യ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് എട്ട് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. മാപ്പിളപ്പാട്ട്, അറബനമുട്ട്, ഭക്തിഭാഗനം, മൗലീദ് പാരായണം, പ്രസംഗം തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് നടക്കുക.
ജില്ലയിലെ എട്ട് ഡിവിഷനുകളില്‍ നടന്ന സാഹിത്യോത്സവുകളില്‍ പങ്കെടുത്ത് ഊതിക്കാച്ചിയ പ്രതിഭാത്വത്തിന്റെ തിളക്കുവുമായാണ് മത്സരാര്‍ഥികള്‍ ഇന്ന് വേദിയിലെത്തുക. സര്‍ഗാത്മകതയുടെ പുത്തന്‍ പ്രതീക്ഷകള്‍ക്ക് നിറം പകരാനും ധര്‍മാധിഷ്ഠിത കലാ-സാഹിത്യരൂപങ്ങളുടെ പുനര്‍ജനിക്ക് കൈകോര്‍ക്കാനും വിദ്യാര്‍ഥി പ്രതിഭകള്‍ ഒത്തുകൂടും. ഇതോടെ ജില്ലയിലെ ഏറ്റവും വലിയ ധര്‍മാധിഷ്ഠിത കലാമാമാങ്കം പുതുചരിത്രം കുറിക്കും.
അറുന്നൂറോളം മത്സരരാര്‍ഥികളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുക. നാളെ വൈകീട്ടോടെ സാഹിത്യോത്സവ് സമാപിക്കും. മത്സരാര്‍ഥികള്‍ക്കും സംഘാടകര്‍ക്കും ആവശ്യമായ താമസം, ഭക്ഷണം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സംഘാടകസമിതി ഒരുക്കിയതായി കണ്‍വീനര്‍ അബ്ദുറഷീദ് സഖാഫി മെരുവമ്പായി അറിയിച്ചു.