അബുദാബിയില്‍ പുതിയ ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങും: എക്‌സിക്യൂട്ടീവ് കൗണ്‍സില്‍

Posted on: September 13, 2013 8:05 pm | Last updated: September 13, 2013 at 8:05 pm

അബുദാബി: പുതിയ ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങുമെന്ന് അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വെളിപ്പെടുത്തി. സെക്രട്ടറി ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ ബവാര്‍ഡിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനം കൈകൊണ്ടത്. ഇതോടൊപ്പം ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

ഡയാലിസിസ് സെന്ററുകള്‍, മൂന്നു പ്രത്യേക പരിചരണ കേന്ദ്രങ്ങള്‍, സ്‌പെഷലൈസ്ഡ് മെഡിക്കള്‍ സെന്റര്‍ എന്നിവ പദ്ധതികളില്‍ ഉള്‍പ്പെടും. ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയുടെ ഡയാലിസിസ് സെന്റര്‍ എന്നാവും പുതുതായി സ്ഥാപിക്കുന്ന ഡയാലിസിസ് സെന്റര്‍ അറിയപ്പെടുക. ഇതില്‍ 66 ഡയാലിസിസ് യന്ത്രങ്ങള്‍ ഉള്‍പ്പെടുത്തും. വൃക്ക രോഗികളായവര്‍ക്ക് എല്ലാവിധ സൗകര്യവും ഉള്‍പ്പെടുത്തിയാണ് ഇവ സജ്ജമാക്കുക. ഇവിടെ നിന്നും രോഗികള്‍ക്ക് പൂര്‍ണ്ണ രീതിയിലുള്ള ചികിത്സയാവും ഡയാലിസിസുമായി ബന്ധപ്പെട്ട് ലഭിക്കുക.
പുതുതായി ആരംഭിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാവുന്നതോടെ എമിറേറ്റിലെ ആരോഗ്യ രംഗത്ത് കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം വിലയിരുത്തി. അല്‍ ഐനിലെ അല്‍ തൊവായയില്‍ പുതിയ മെഡിക്കല്‍ സെന്റര്‍ തുടങ്ങാനും കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. ഹെല്‍ത്ത് ക്ലിനിക്കുകളെ സ്‌പെഷലൈസ്ഡ് മെഡിക്കല്‍ സെന്ററാക്കി ഉയര്‍ത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി. രാജ്യാന്തര നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങളാവും ഈ ക്ലിനിക്കില്‍ ഏര്‍പ്പെടുത്തുക. സ്വദേശികള്‍ താമസിക്കുന്ന മേഖലയില്‍ അവര്‍ക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന രീതിയിലാവും ക്ലിനിക്ക് സാക്ഷാത്ക്കരിക്കുകയെന്നാണ് അറിയുന്നത്. വ്യക്തികള്‍ക്ക് അവരുടെ താമസ സ്ഥലത്തിന് തൊട്ടടുത്തായി വൈദ്യ സഹായം ലഭ്യമാക്കുകയെന്ന മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്.
മൂന്നു സംരക്ഷണ-പുനരധിവാസ കേന്ദ്രങ്ങള്‍ അല്‍ ഐന്‍ മേഖലയില്‍ ആരംഭിക്കും. ആല്‍ ഗാര്‍ബിയയിലും ഉള്‍പ്പെടെയാണ് ഇത് ആരംഭിക്കുകയെന്നും കൗണ്‍സില്‍ വ്യക്തമാക്കി. പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കായാണ് ഇത് നിര്‍മിക്കുന്നത്. ഇത്തരക്കാരെ ശാക്തീകരിക്കാനും സമൂഹവുമായി വിളക്കി ചേര്‍ക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുക. ഇത്തരക്കാരെ പദ്ധതി പ്രാബല്യത്തിലാവുന്നതോടെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവ നടപ്പാക്കും. കാലവിളംമ്പം കൂടാതെ ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കുക, മാനസികസാമൂഹികവിദ്യഭ്യാസപരമായ ഉന്നമനമാണ് സംരക്ഷണപുനരധിവാസ കേന്ദ്രങ്ങളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി പരിശീലനവും കുടുംബത്തിന് കൗണ്‍സിലിംഗും നല്‍കും. രാജ്യാന്തര നിലവാരത്തിലുള്ള പരിചരണവും ചികിത്സയുമാണ് സെന്ററിലൂടെ നല്‍കുകയെന്നും മുഹമ്മദ് അഹമ്മദ് അല്‍ ബവാര്‍ഡിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വ്യക്തമാക്കി.