കണ്ണൂര്‍: ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി(എന്‍ ആര്‍ എച്ച് എം) ജില്ലയില്‍ 101 ശതമാനം ഫണ്ട് വിനിയോഗിച്ചതായി എന്‍ ആര്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി എസ് സിദ്ധാര്‍ഥ് പത്രസമ്മേളനത്തില്‍ അറിയിച്ചു. 17,63,33,580 രൂപയാണ് കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ ജില്ലക്കായി അനുവദിച്ചത്. ഇതില്‍ 19,27,13,987 രൂപ ചെലവഴിക്കാനായി. 2011-12 വര്‍ഷത്തെ ബാക്കി തുടയും പിന്നീട് ലഭിച്ച തുകയും കൂടി ഉപയോഗിച്ചാണ് ഇത്രയും ചെലവഴിക്കാനായത്.
മാതൃശിശു പരിപാലനത്തിനായി 98 ശതമാനം തുക ചെലവഴിക്കാനായി. 92,19,1580 രൂപയാണ് ലഭിച്ചത്. 90,13,9554 രൂപ ചെലവഴിച്ചു. 1964 ആശപ്രവര്‍ത്തകര്‍ക്കായി 63,160,53 രൂപ ചെലവഴിച്ചു. ഇമ്യൂണൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 5524000 രൂപയാണ് ലഭിച്ചത്. 8422415 രൂപ ചെലവഴിച്ചു. 2013-14 വര്‍ഷം 14.05 കോടിയാണ് അനുവദിച്ചത്. ഇതില്‍ ആഗസ്റ്റ് 31നുള്ളില്‍ 7.17 കോടി രൂപ ചെലവഴിക്കാനായി. അടുത്ത വര്‍ഷം പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 17.40 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. 182 സ്‌കൂളിലാണ് പദ്ധതി നടപ്പാക്കുന്നത്. 36 സ്‌കൂള്‍ ഹെല്‍ത്ത് ജെ പി എച്ച് എന്‍മാരാണുള്ളത്. പുതുതായി 110 ജെ പി എച്ച് എന്‍മാരെ കൂടി നിയമിക്കും.
അര്‍ബന്‍ ഹെല്‍ത്ത് മിഷ്യന്‍ പദ്ധതി പ്രകാരം കണ്ണൂര്‍ നഗരസഭയില്‍ പുതുതായി ഒരു പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങാന്‍ നടപടിയായിട്ടുണ്ട്.1,46,00,000 രൂപ ചെലവിട്ടാണ് പി എച്ച് സി സ്ഥാപിക്കുന്നത്. ഇതിനുള്ള നടപടിക്രമങ്ങള്‍ ഉടനാരംഭിക്കും. ജില്ലയില്‍ ഏഴ് സബ് സെന്ററുകള്‍ക്ക് 13 ലക്ഷം രൂപ ചെലവിട്ട് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കും. ചരള്‍(അങ്ങാടിക്കടവ്), ഓലയമ്പാടി(എരമം കുറ്റൂര്‍), എടക്കാനം(ഇരിട്ടി), ആറാം മൈല്‍(കോട്ടയം മലബാര്‍), ആമ്പിലോട്(ചിറഅറാരിപ്പറമ്പ്), പോത്താംകണ്ടം(പെരിങ്ങോം), കിഴക്കെ പാലയാട്(ധര്‍മ്മടം) എന്നിവിടങ്ങളിലാണ് സബ് സെന്ററുകള്‍ സ്ഥാപിക്കുക. കെട്ടിട നിര്‍മാണത്തിന് 80 ശതമാനം ഫണ്ട് എന്‍ ആര്‍ എച്ച് എം അനുവദിക്കും. 20 ശതമാനം അതാത് ഗ്രാമപഞ്ചായത്ത് വഹിക്കണം. 700 സ്‌ക്വയര്‍ ഫീറ്റുള്ള കെട്ടിടമാണ് നിര്‍മിക്കുക. ആറളത്ത് ആദിവാസികള്‍ക്കായി ഈ മാസം 29ന് എന്‍ ആര്‍ എച്ച് എമ്മിന്റെ നേതൃത്വത്തില്‍ മെഗാ അദാലത്ത് സംഘടിപ്പിക്കും.
പത്രസമ്മേളനത്തില്‍ ഡി എം ഒ ഇന്‍ ചാര്‍ജ് ഡോ. എം കെ ഷാജ്, അക്കൗണ്ട്‌സ് ഓഫീസര്‍ ടി വി സുധ, പി പ്രമോദ്, ആഗ്നല്‍ ജോസഫ് പങ്കെടുത്തു.