Connect with us

Kerala

ബജറ്റിന്റെ ഒരു ശതമാനം യുവസംരംഭകര്‍ക്കായി നീക്കിവെക്കും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഈ വര്‍ഷം മുതല്‍ സെപ്റ്റംബര്‍ 12 സംരംഭകത്വദിനമായി ആചരിക്കുമെന്നും യുവസംരംഭകര്‍ക്കായി വാര്‍ഷിക ബജറ്റിന്റെ ഒരു ശതമാനം തുക നീക്കിവെക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വയംസംരംഭകത്വ പരിപാടിയുടെ പ്രചാരണത്തിന് വ്യാഴാഴ്ച സ്‌കൂള്‍/കോളേജ് വിദ്യാര്‍ഥികളെ ഗൂഗ്ള്‍ ഹാങ്ഔട്ടിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

യുവജനങ്ങളെയും വിദ്യാര്‍ഥികളെയും തൊഴില്‍ അന്വേഷകരില്‍ നിന്ന് തൊഴില്‍ദാതാക്കളാക്കി മാറ്റുന്ന സര്‍ക്കാരിന്റെ സ്വയംസംരംഭകത്വ പരിപാടിയുടെ ഭാഗമായാണ് വര്‍ഷം തോറും 500 കോടിക്ക് മുകളിലുള്ള തുക ഇങ്ങനെ നീക്കിവെക്കുന്നത്.
ഇന്ത്യയില്‍ ആദ്യമായാണ് ഇപ്രകാരം ബജറ്റിന്റെ ഗണ്യമായൊരു വിഹിതം യുവസംരംഭകര്‍ക്കായി നീക്കിവെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവസംരംഭകര്‍ക്ക് ആശങ്ങള്‍ പങ്കുവെക്കാനായി സംസ്ഥാനത്തെ എല്ലാ കോളജുകളിലും എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ക്ലബ്ബുകള്‍ തുടങ്ങും.
കളമശ്ശേരിയില്‍ തുടങ്ങിയ സ്റ്റാര്‍ട്ട്അപ്പ് വില്ലേജില്‍ മാത്രം ഐ.ടി/ടെലികോം മേഖലയില്‍ ആയിരത്തില്പരം നൂതന ആശയങ്ങളാണ് എത്തിയത്. ഇത് കൃഷി, വിനോദസഞ്ചാരം, ക്ഷീരമേഖല, കലസംസ്‌കാരം എന്നിങ്ങനെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് സംരംഭകത്വദിനമായി സപ്തംബര്‍ 12 ആചരിക്കുന്നത്.

സംസ്ഥാനത്തെ 50 ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ അഭിസംബോധന ചയ്ത് മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും അരമണിക്കൂറോളം സംസാരിച്ചത് ആവേശത്തോടെയാണ് ചാല ഗവ. ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ വീക്ഷിച്ചത്. എമര്‍ജിങ് ഫ്രം വിത്തിന്‍ കേരള എന്ന പുതിയ ആശയത്തിലൂടെ യുവസംരംഭകര്‍ക്കായി വിദ്യാര്‍ത്ഥി സംരംഭകത്വനയം രൂപപ്പെടുത്തിക്കഴിഞ്ഞു. ഇതില്‍ ഉള്‍പ്പെട്ടുപ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളായ സംരംഭകര്‍ക്ക് 20 ശതമാനം ഹാജരും നാല് ശതമാനം ബോണസ് മാര്‍ക്കും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐ.ടി.വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും തൊഴിലന്വേഷകരായ സംരംഭകരെയും വിദ്യാര്‍ത്ഥികളെയും യുടൂബിലൂടെ സ്വാഗതം ചെയ്തു. പുതിയ ആശയങ്ങള്‍ യുവസംരംഭകരില്‍ നിന്നും ഉണ്ടാവണമെന്നും അതിനുളള പ്രോത്സാഹനമാണ് വിവിധ പദ്ധതികളിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest