പോലീസുകാര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

Posted on: September 12, 2013 7:58 am | Last updated: September 12, 2013 at 7:58 am

മാന്നാര്‍: വ്യാജ മദ്യവില്‍പ്പന കേന്ദ്രത്തില്‍ റെയ്ഡിനെത്തിയ എസ് ഐക്കും സിവില്‍ പോലീസുകാരനും വേട്ടേറ്റ സംഭവത്തില്‍ ഒരു പ്രതികൂടി അറസ്റ്റില്‍. മുഖ്യ സൂത്രധാരനടക്കം ആറ് പേര്‍ പോലീസ് വലയിലായതായി സൂചന. നൂറനാട് ഇടപ്പോണ്‍ ഒന്നാം വാര്‍ഡില്‍ എസ് കെ വില്ലയില്‍ ശങ്കര പിള്ള(50)യെയാണ് മാന്നാര്‍ സി ഐ. ആര്‍ ബിനുവിന്റെ അറസ്റ്റ് ചെയ്തത്. സ്പിരിറ്റ് മാഫിയ ക്വട്ടേഷന്‍ സംഘത്തിന് ആക്രമണത്തിന് ശേഷം രക്ഷപ്പെടുന്നതിനായി എല്ലാവിധ സഹായങ്ങളും ഇയാളാണ് ചെയ്തുകൊടുത്തിരുന്നത് എന്ന് പോലീസ് പറഞ്ഞു. ആഗസ്റ്റ് 27ന് രാവിലെ 7.45ന് മാന്നാര്‍ പുലിയൂര്‍ റോഡില്‍ ബുധനൂര്‍ പെരിങ്ങാട്ട് തോപ്പില്‍ ചന്തക്ക് സമീപമുള്ള കുട്ടമ്പേരൂര്‍ ആറിന്റെ തീരത്ത് മദ്യവും സ്പിരിറ്റും എത്തിച്ച് വില്‍പ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാന്നാര്‍ പോലീസ് സംഘം റെയ്ഡിനായി പോയത്. എസ് ഐ ഹരിപ്പാട് മണ്ണാറശാല തുലാംപറമ്പ് മണ്ണാറശാല വടക്കതില്‍ എസ് ശ്രീകുമാര്‍(35), സിവില്‍ പോലീസ് ഓഫീസര്‍ ചെങ്ങന്നൂര്‍ ആലപെണ്ണുക്കര പ്രണവത്തില്‍ പ്രതാപ ചന്ദ്ര മേനോന്‍(30) എന്നിവര്‍ക്കാണ് വെട്ടേറ്റത്. കേസില്‍ ബുധനൂര്‍ പെരിങ്ങാട് പടിഞ്ഞാറുംമൂട് തെരുവില്‍ വടക്കതില്‍ കുഞ്ഞുകുഞ്ഞിന്റെ മകന്‍ രവീന്ദ്ര(60)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന് ശേഷം പ്രതികള്‍ ഇടപ്പോണില്‍ ശങ്കര പിള്ളയുടെ വീട്ടില്‍ എത്തി ഇയാള്‍ വിളിച്ചുകൊടുത്ത കാറില്‍ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.