ശ്രീചിത്തിര സ്ഥലമെടുപ്പ് ഒന്നാംഘട്ടം പൂര്‍ത്തിയായി

Posted on: September 12, 2013 7:40 am | Last updated: September 12, 2013 at 7:40 am

മാനന്തവാടി: ശ്രീചിത്തിര സ്ഥലമെടുപ്പ് ഒന്നാംഘട്ടം പൂര്‍ത്തിയായി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ബോയ്‌സ് ടൗണിലെ ഗ്ലന്‍ലെവന്‍ എസ്‌റ്റേറ്റിന്റെ ഭൂമിയാണ് മെഡിക്കല്‍ സെന്റര്‍ സ്ഥാപിക്കാനായി സംസ്ഥാന സര്‍ക്കാര്‍ വിലക്കെടുക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനായുള്ള ഡ്രാഫ്റ്റ് ഡിക്ലറേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചുള്ള റിപ്പോര്‍ട്ടാണ് ജില്ലാ ഭരണകൂടം സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നത്. വനം, റവന്യു, പൊതുമാരമത്ത്, ആരോഗ്യം, ജിയോളജിക്കല്‍ അടക്കമുള്ള ഏഴ് വകുപ്പുകളുടെ എന്‍.ഒ.സിയും സ്ഥലം വിലക്കെടുക്കുന്നതിന് മറ്റൊരു തടസ്സങ്ങളും ഇല്ലെന്നും കാണിച്ചുള്ള റിപ്പോര്‍ട്ടാണ് ജില്ലാ ഭരണംകൂടം സമര്‍പ്പിച്ചിരിക്കുന്നത്. ഗ്ലന്‍ലെവന്‍ എസ്റ്റേറ്റിന്റെ 75 ഏക്കര്‍ ഭൂമിയാണ് ശ്രീചിത്തിരക്ക് വേണ്ടി ഏറ്റെടുക്കുന്നത്. ഡ്രാഫ്റ്റ് ഡിക്ലറേഷന്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ സ്ഥലം ഏറ്റെടുക്കല്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാവും. പിന്നീട് സ്ഥലത്തിന്റെ ന്യായവില കണക്കാക്കി വിജ്ഞാപനം പുറപ്പെടുവിച്ച് കഴിഞ്ഞാല്‍ ഭൂമി സര്‍ക്കാറിന്റേത് ആകുന്നതോടെ ശ്രീചിത്തിര യാഥാര്‍ത്ഥ്യമാവും.