വിവാദമായ എസ് ഐ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Posted on: September 12, 2013 6:26 am | Last updated: September 12, 2013 at 12:35 am

policeതിരുവനന്തപുരം: വിവാദമായ എസ് ഐ നിയമനത്തിന്റെ റാങ്ക് ലിസ്റ്റ് പി എസ് സി പ്രസിദ്ധീകരിച്ചു. ജനറല്‍ എക്‌സിക്യൂട്ടീവ് ബ്രാഞ്ച്, ജില്ലാ ആംഡ് റിസര്‍വ്, ആംഡ് റിസര്‍വ് ബറ്റാലിയന്‍ എന്നീ വിഭാഗങ്ങളിലായി മെയിന്‍, സപ്ലിമെന്ററി ഉള്‍പ്പടെ 1950 ഓളം ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെടുന്ന റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. മൂന്ന് വിഭാഗങ്ങളിലായാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. റാങ്ക് ലിസ്റ്റ് ഇന്ന് മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാകുമെന്ന് പി എസ് സി അറിയിച്ചു. 1958 ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ നടത്തിയെങ്കിലും സര്‍ട്ടിഫിക്കറ്റ് പരിശോധനാ സമയത്ത് ശരിയായ രേഖകള്‍ ഹാജരാക്കാത്തവരെയാണ് ഒഴിവാക്കിയത്. ഇവര്‍ക്ക് ഒരാഴ്ചകൂടി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ അവസരം നല്‍കിയെങ്കിലും ലഭിക്കാത്തതിനാലാണ് ഇവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരുന്നത്.
എസ് ഐ നിയമനത്തിന് 2007 ലാണ് പി എസ് സി അപേക്ഷ ക്ഷണിച്ചത്. 2009 ല്‍ ആദ്യപരീക്ഷ നടത്തി. എന്നാല്‍, മൊബൈല്‍ഫോണില്‍ ഉത്തരം പറഞ്ഞുകൊടുത്തതിന്റെ പേരില്‍ പരീക്ഷ വിവാദമായി. ഇതെത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യമുയര്‍ന്നു. ഒടുവില്‍ നിശ്ചിതമാര്‍ക്ക് ലഭിച്ചവരെ ഉള്‍പ്പെടുത്തി വീണ്ടും പരീക്ഷ നടത്താന്‍ പി എസ് സി തീരുമാനിക്കുകയായിരുന്നു. രണ്ടാമത്തെ പരീക്ഷയില്‍ വിജയിച്ചവരെയാണ് കായിക പരീക്ഷക്ക് വിധേയമാക്കിയത്. എന്നാല്‍, കായിക പരീക്ഷയിലും ക്രമക്കേടുണ്ടെന്ന് ആരോപണമുയര്‍ന്നു. 100 പരാതികളാണ് പി എസ് സിക്ക് ലഭിച്ചത്. ഇതില്‍ 99 പേരുടെ പരാതിയില്‍ കഴമ്പില്ലെന്ന് പി എസ് സി നടത്തിയ പരിശോധനയില്‍ വ്യക്തമായി. നിജസ്ഥിതി കണ്ടെത്തുന്നതിനായി വീഡിയോ ദൃശ്യങ്ങളുടെ പരിശോധനയും നടത്തിയിരുന്നു. ഇതിനുശേഷമാണ് പി എസ് സി അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. അതേസമയം, പരാതിയുടെ അടിസ്ഥാനത്തില്‍ വീണ്ടും വീഡിയോ പരിശോധന നടത്തണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ പി എസ് സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.