Connect with us

Articles

ഒടുവില്‍ സരിത ഇറങ്ങിവരും; വിജയചിഹ്നവുമായി

Published

|

Last Updated

കുറച്ചുദിവസങ്ങളിലായി സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട പ്രതിപക്ഷ കാഴ്ചപ്പാടുകളും അവയോടുള്ള ഭരണപക്ഷ സമീപനങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇതില്‍ നിന്നു വിഭിന്നമായൊരു ജനപക്ഷനിലപാടുകൂടിയുണ്ട്. കേരളീയ സമൂഹത്തിന്റെ വരുംകാല അഭിപ്രായരൂപവത്കരണത്തെ ഏറെ സ്വാധീനിക്കാന്‍ പോകുന്നത് ഈ ജനപക്ഷ നിലപാടുകളായിരിക്കും. സോളാര്‍ തട്ടിപ്പ് കേസ് ഉയര്‍ത്തുന്ന സാമൂഹിക പ്രാധാന്യവും ഇതാണ്.
സൗരോര്‍ജ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാനം നേരിടുന്ന ഊര്‍ജ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ആരായുന്നതിനിടയിലേക്കാണ് ഈ മേഖലയിലേക്ക് സാമ്പത്തിക ലാഭമുണ്ടാക്കുന്നതിനുവേണ്ടി ചിലര്‍ ഇറങ്ങിത്തിരിച്ചത്. സൗരോര്‍ജം ബദല്‍ വൈദ്യുതി മാര്‍ഗമായി പ്രയോജനപ്പെടുത്തിയെടുക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തി ബിസിനസ് ചെയ്തു പണമുണ്ടാക്കുക മാത്രമായിരുന്നില്ല അവരുടെ ഉദ്ദേശ്യം. സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി പണം തട്ടിയെടുക്കുക, ജനങ്ങളെ സാമ്പത്തിക തട്ടിപ്പിന് വിധേയരാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഇതിനായി ഈ രംഗത്ത് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ മറപിടിച്ചുള്ള വളഞ്ഞവഴികളാണ് അവര്‍ സ്വീകരിച്ചത്. ജനങ്ങളില്‍ വിശ്വാസം ജനിപ്പിക്കാനായി രാഷ്ട്രീയ രംഗത്തെ ബന്ധങ്ങള്‍ അസാധാരണ പാടവത്തോടെ വിനിയോഗിക്കാനും ഇവര്‍ക്ക് സാധിച്ചു. ഇതാണ് സോളാര്‍ തട്ടിപ്പ് കേസിന്റെ പ്രതലം. സരിതയും ബിജു രാധാകൃഷ്ണനും ജോപ്പനും ശാലുവും ഫിറോസും… പിന്നെ പോലീസ് എന്ന വാക്കിന്റെ മേല്‍വിലാസം തന്നെ കളഞ്ഞുകുളിച്ച ഒരു അന്വേഷണ സംഘവും… ഒരു സ്ത്രീ കുറ്റവാളിയുടെ കുറിപ്പ് മള്‍ട്ടിപര്‍പ്പസ് ബിസിനസ് ആക്കാമെന്ന് തെളിയിച്ച ഒരു വക്കീലും…..

ജുഡീഷ്യറിയുടെ പോലും വിശ്വാസ്യത തകരും വിധത്തിലുള്ള വിവാദങ്ങളുമാണ് ആ പ്രതലത്തിലൂടെ നമുക്ക് മുന്നിലെത്തിയത്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം അതില്‍ പങ്കാളികളായവര്‍ അവരവരുടെതായ വേഷങ്ങള്‍ ഭംഗിയായി കെട്ടിയാടികൊണ്ടിരിക്കുന്ന സോളാര്‍ തട്ടിപ്പ് കേസിന് ശുഭപര്യവസായിയായ ഒരു അവസാനരംഗവും ഇനി ഉണ്ടാകാം. അത് ഏതാണ്ടിങ്ങനെയാണ്; പണം തട്ടിപ്പ് നടത്തി എന്നുള്ള അവസാനത്തെ കേസിലും വാദിക്ക് കൊടുക്കാനുള്ള മുഴുവന്‍ തുകയും കോടതിയില്‍ കെട്ടിവെച്ച് കേസെല്ലാം അവസാനിപ്പിച്ച് വിജയചിഹ്നവും കാട്ടി സരിത പുറത്തേക്കിറങ്ങിവരുന്നു…. സമീപം 22 പേജുള്ള ഒരു കുറിപ്പിന്റെ പേര് പറഞ്ഞു കേസുകളില്‍ നിന്നെല്ലാം ഊരിപ്പോരാന്‍ സരിതക്കായി പണം സൃഷ്ടിച്ചെടുത്ത അലാവുദ്ദീന്‍ സ്വന്തമാക്കിയ അത്ഭുതവിളക്കിന്റെ കേരളീയ പര്യായമായ അഡ്വ. ഫെന്നി ബാലകൃഷ്ണന്‍…. ഒപ്പം മുന്‍ ഭാര്യ രശ്മിയെ കൊന്നു എന്ന കേസില്‍ മാത്രം വിചാരണ നേരിടുകയോ ശിക്ഷ മേടിക്കുകയോ ചെയ്യുന്ന ബിജു രാധകൃഷ്ണനും (രശ്മിയെ കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് ബിജുരാധാകൃഷ്ണന്‍ ജയിലില്‍ കിടക്കണമെന്ന കേരള പോലീസിന്റെ “ശുഷ്‌ക്കാന്തി”ക്ക് പ്രത്യേക താമ്രപത്രം കൊടുക്കാവുന്നതാണ്.) എല്ലാം ശുഭം! സോളാര്‍ തട്ടിപ്പ് കേസ് ഇങ്ങനെ മാത്രമേ അവസാനിക്കാവൂ എന്ന ചില നിര്‍ബന്ധബുദ്ധികളുടെ വിജയമാണ് ഈ വിഷയത്തിലെ പ്രഖ്യാപിത ജുഡീഷ്യല്‍ അന്വേഷണം എന്നുപറയാതെ വയ്യ.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മാത്രം പ്രധാന കഥാപാത്രമാക്കാനും ജുഡീഷ്യല്‍ അന്വേഷണം എന്ന ഏക ആവശ്യത്തില്‍ മാത്രം ഊന്നിനില്‍ക്കാനുമുള്ള ഇടതുമുന്നണി നീക്കം അത്ഭുതത്തോടെയാണ് മലയാളികള്‍ കാണുന്നത്. സരിതയുടെ പ്രേരണകള്‍ക്കു വഴങ്ങി അവരുടെ കൂട്ടാളിയുടെ വേഷം കെട്ടിയ ഒരു അനര്‍ഹനെ സംസ്ഥാന സര്‍ക്കാരിന്റെ പി ആര്‍ ഡി തലവന്‍ ആക്കിയെടുക്കുന്നതിന് സാധ്യമായ ഇടങ്ങളിലെല്ലാം മണം പിടിച്ചു നടന്നവര്‍ പോലും ഇടതു മുന്നണിയുടെ ദൃഷ്ടിയില്‍ നിന്നു പോയി മറഞ്ഞത് മറ്റൊരു അത്ഭുതമായി ശേഷിക്കുന്നു. സോളാര്‍ തട്ടിപ്പ് കേസ് തേഞ്ഞുമാഞ്ഞുപോകുമ്പോള്‍ അതില്‍ പെട്ടവരെല്ലാം ആദ്യം നന്ദി പറയുക ഇടതുമുന്നണി നേതൃത്വത്തോടായിരിക്കും. പിന്നെ പ്രത്യേക അന്വേഷണ സംഘത്തോടും ശേഷം ജുഡീഷ്യല്‍ സിസ്റ്റത്തില്‍ വീണ പുഴുക്കുത്തലുകളോടും!
സത്യവും നീതിയും നടപ്പാകാന്‍ വിദൂരസാധ്യത പോലും ഇല്ലാത്തതും യഥാര്‍ഥ കുറ്റവാളികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടുകയില്ല എന്ന് ഉറപ്പുള്ളതുമായ ഇടപാടായിട്ടാണ് ജനങ്ങള്‍ ജുഡീഷ്യല്‍ അന്വേഷണങ്ങളെ കാണുന്നത്. മുന്‍കാല അനുഭവങ്ങള്‍ ഇതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നു എന്നതാണ് വാസ്തവം. എത്ര ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടുകളാണ് മാറി മാറി വന്ന ഭരണകൂടങ്ങള്‍ പ്രഹസനമാക്കിയത്. ഒരിക്കലും വെളിച്ചം കാണരുതെന്ന മട്ടില്‍ അവയൊക്കെ സെക്രേട്ടറിയറ്റിന്റെ ഏതോ മൂലകളില്‍ ഇപ്പോഴും കെട്ടിവെച്ചിട്ടുമുണ്ടാകാം.

 
ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ അന്വേഷിച്ച്, ജില്ലാ ജഡ്ജിയെ പരിഗണിച്ച്, അവസാനം പെന്‍ഷന്‍ വാങ്ങി വീട്ടിലിരിക്കുന്ന വിരമിച്ച ഒരു ജഡ്ജിയെ കണ്ടെത്തി ടേംസ് ഓഫ് റെഫറന്‍സ് നിശ്ചയിച്ച് അന്വേഷണം ഏല്‍പ്പിക്കുന്നതിനിടയില്‍ ഉണ്ടാകുന്ന കാലതാമസം…. ആ കാലതാമസം ഒന്നു മാത്രം മതി ഏത് കേസാണോ അന്വേഷിക്കാന്‍ പോകുന്നത് ആ കേസിന്റെ സാധ്യമായ എല്ലാ തെളിവുകളും അട്ടിമറിക്കപ്പെടാന്‍! ഇതാണ് മറ്റൊരു പരിമിതി. ഈ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ജനങ്ങളുടെ നികുതിപ്പണവും ചെലവഴിച്ച് നടക്കുന്ന ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ഒടുക്കം. ഇത്തരം 99 ശതമാനം അന്വേഷണങ്ങളിലും സംഭവിച്ചതുപോലെ ഉണ്ടയില്ലാതൊരു വെടി മാത്രമായിരിക്കും സോളാര്‍ തട്ടിപ്പ് കേസിന്റെ അന്ത്യവും.
മറ്റൊര്‍ഥത്തില്‍ പറഞ്ഞാല്‍ കേസുണ്ടാക്കുന്നവരും കേസുണ്ടെന്ന് ആക്ഷേപിക്കുന്നവരും തമ്മില്‍ നടക്കുന്ന അനുരഞ്ജനങ്ങളുടെയും ഒത്തുതീര്‍പ്പുകളുടെയും വഴങ്ങിക്കൊടുക്കലുകളുടെയും നാണം കെട്ടൊരു പര്യവസാനം മാത്രമായി ജനം കാണുന്നൊരു പ്രഹസനമാണ് ജുഡീഷ്യല്‍ അന്വേഷണമെന്ന ഉമ്മാക്കി. ചിലപ്പോള്‍ ഈ പ്രക്രിയ ഒരുപാട് പേര്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യും. സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനം, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പല അഴിമതി, കൊലപാതക കേസുകളിലും ഒരുപാട് ഗുണഭോക്താക്കളെ ഉത്പാദിപ്പിക്കാന്‍ ഇട വന്നിട്ടുണ്ടെന്ന മട്ടിലുള്ള സംസാരം നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്.
സാധാരണക്കാരുടെയും സര്‍ക്കാറിന്റെയും ആയിരക്കണക്കിന് കോടി രൂപ തട്ടിയെടുക്കാനായി നടന്ന കൃത്യതയാര്‍ന്ന ആസൂത്രണത്തോടെയുള്ള വലിയൊരു പരിശ്രമമായിരുന്നു സോളാര്‍ തട്ടിപ്പുകേസിന്റെ പിന്നിലുള്ളത്. ഉപകരണങ്ങള്‍ മാത്രമായി പ്രവര്‍ത്തിച്ചവരാണ് സരിതയും ബിജുവും ജോപ്പനും മറ്റും. വഴിവിട്ട സാമ്പത്തിക സമാഹരണത്തിന് ഇവരെ നിയോഗിച്ചവര്‍ വേറെയും ഉണ്ട്. ചുറ്റിനും കൂടിയ കൂറേ ഉപഗ്രഹങ്ങളും പാല് കൊടുത്ത കൈക്ക് തിരിഞ്ഞു കൊത്തിയവരും ഒപ്പം നിര്‍ത്തി വലുതാക്കിയവരും ചതിയുടെ പടുകുഴി തീര്‍ത്ത് ഒരു ജനകീയ നേതാവിനെ തട്ടിപ്പ് കേസില്‍ പ്രധാന കഥാപാത്രത്തിന്റെ വേഷം കെട്ടിക്കാന്‍ നടത്തിയ ഗൂഢ നീക്കങ്ങള്‍ക്ക് മേലെയാണ് കേരളത്തിലെ ഇടതുമുന്നണി ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം ഉയര്‍ത്തിയതിലൂടെ തലവെച്ചുകൊടുത്തതെന്ന് ആക്ഷേപം ഇപ്പോള്‍ ശക്തമാണ്.

 
മുഖ്യമന്ത്രിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനുള്ള സകല സാഹചര്യങ്ങളും സൃഷ്ടിച്ചത് സോളാര്‍ തട്ടിപ്പ് കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍ തന്നെയാണ്. അനവസരത്തില്‍ ജോപ്പനെ അറസ്റ്റ് ചെയ്തതു മുതല്‍ നാളിതുവരെ പ്രത്യേക അന്വേഷണ സംഘം ചില പ്രത്യേക ഉദ്ദേശ്യക്കാരുടെ ചരടുവലികള്‍ക്ക് വിധേയമായിട്ടാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ജനം സംശയിക്കുന്നു. മുഖ്യമന്ത്രിക്കുനേരെ മാത്രം പ്രതിപക്ഷത്തിന്റെ കരിങ്കൊടിപ്രകടനങ്ങളും പ്രതിഷേധങ്ങളും അരങ്ങേറുന്നതും ഘടകകക്ഷികളുമായുള്ള ബന്ധം വഷളാക്കാന്‍ ചില ഉപഗ്രഹങ്ങള്‍ ബോധപൂര്‍വം പരിശ്രമിച്ചുകൊണ്ടിരിക്കുന്നതുമെല്ലാം ഈ സംശയങ്ങള്‍ക്ക് ആക്കം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
സുപ്രീം കോടതി പോലും നിരസിച്ച മാര്‍ഗങ്ങള്‍ തെളിവിനായി പരതുന്ന മണ്ടന്‍ പോലീസ് മുഖങ്ങളാണ് സോളാര്‍ കേസില്‍ സര്‍ക്കാറിനേയും യു ഡി എഫിനേയും ഇത്രയേറെ അപഹാസ്യമാക്കിയത്. സോളാര്‍ കേസിലെ വാദിയായ ശ്രീധരന്‍ നായര്‍ നുണ പരിശോധനക്ക് വിധേയനാകണമെന്ന നോട്ടീസ് കൊടുത്ത ഉദ്യോഗസ്ഥനെ കേസന്വേഷണത്തില്‍ നിന്നും മാത്രമല്ല പോലീസ് സേനയില്‍ നിന്നും തന്നെ പുറത്താക്കണം. സമീപകാലത്തുണ്ടായ എസ് എം ഇ സ്ത്രീപീഢനകേസില്‍ വാദിയായ പെണ്‍കുട്ടിയെ നുണപരിശോധനക്ക് വിധേയയാക്കാന്‍ പാടില്ലെന്ന സുപ്രീം കോടതി നിര്‍ദേശം അറിയാത്തയാളല്ല ആ ഉദ്യോഗസ്ഥന്‍. പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ ചട്ടം 164 അനുസരിച്ച് ശ്രീധരന്‍ നായര്‍ കൊടുത്ത മൊഴിക്ക് വിശ്വാസ്യതയില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് നുണപരിശോധനാ നോട്ടീസ് നല്‍കിയതെന്നത് വ്യക്തമാണ്. ഇത് ഒരു മണ്ടന്റെ തലയില്‍ ഉദിച്ച ആശയമായി മാത്രം കാണാന്‍ കഴിയില്ല. മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റി വീണ്ടും സംശയങ്ങളുടെയും ഇടപടലുകളുടെയും പുകമറ സൃഷ്ടിക്കാനും അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താനും നടത്തിയ കരുതിക്കൂട്ടിയുള്ള ശ്രമം തന്നെയാണ് ശ്രീധരന്‍ നായര്‍ക്ക് കൊടുത്ത നോട്ടീസ് എന്ന് മനസ്സിലാക്കാന്‍ കഴിയും. കള്ളന്‍ കപ്പലില്‍ തന്നെ ഉണ്ടെന്ന് ഇപ്പോള്‍ കൂടുതല്‍ വെളിവാകുകയാണ്. സെക്രട്ടേറിയറ്റ് നടയില്‍ കാഷ്ഠിച്ച കാക്കയെ കണ്ടെത്താനും തിരയെണ്ണാനും നിയോഗിക്കപ്പെടാന്‍ യോഗ്യതയുള്ള ഏറാന്‍മൂളികളെയാണ് ഒരു മുഖ്യമന്ത്രിയുടെ നിരപരാധിത്വം തെളിയേണ്ട കേസ് അന്വേഷിക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നതെന്ന ആക്ഷേപത്തെ ആര് എങ്ങനെ നേരിടും?
അവസാനമായി ഈ കേസുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട ജുഡീഷ്യറിയുടെ ഭാഗത്തു നിന്നു ഉണ്ടായ പല സമീപനങ്ങളും ജനങ്ങളില്‍ സംശയങ്ങള്‍ വിതച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. സരിതക്ക് കോടതിയോട് പറയാനുണ്ടായിരുന്നത് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയില്ല എന്ന കേസ് ഹൈക്കോടതി വിജിലന്‍സിന്റെ പരിഗണനയില്‍ എത്തും വിധം കാര്യങ്ങള്‍ വഷളായി. നീതി ദേവതയുടെ കണ്ണുകളെ മറച്ച കറുത്ത തുണി കണ്ണീര്‍ വീണ് നനഞ്ഞു കുതിരുന്നുണ്ടോ എന്ന ആകാംക്ഷ അത്ഭുതവും അതിലേറെ ആശങ്കകളും ആണ് ജനങ്ങളില്‍ ഉണര്‍ത്തുന്നത്. പുഴുക്കുത്ത് വീണ ഒന്നുമതി ഒരു അദ്ധ്വാനകാലത്തെ മുഴുവന്‍ നിഷ്പ്രഭമാക്കാന്‍ എന്ന വലിയ സത്യം നിയമവ്യവസ്ഥയുടെ താക്കോല്‍ സ്ഥാനത്തിരിക്കുന്നവര്‍ മറക്കരുതെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

 

Latest