Connect with us

Kerala

കുടുംബശ്രീയെക്കുറിച്ച് പഠിക്കാന്‍ ഒഡീഷാ സംഘം കേരളത്തില്‍

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിലെ കുടുംബശ്രീ സംഘടനാ സംവിധാനവും സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളും ഏറെ അഭിനന്ദനാര്‍ഹമാണെന്ന് ഒഡീഷാ പഞ്ചായത്ത്, പാര്‍ലിമെന്ററി കാര്യ മന്ത്രി കല്‍പതാരു ദാസ്.

വ്യത്യസ്ത സംരംഭങ്ങളിലൂടെയും സംഘകൃഷിയിലൂടെയും സ്വയംപര്യാപ്തത നേടി സ്ത്രീ ശാക്തീകരണത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഏറെ ഉദാത്തമാണെും മന്ത്രി അഭിപ്രായപ്പെട്ടു. കുടുംബശ്രീയുടെ വിവിധ വിജയസംരംഭങ്ങളും അയല്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനങ്ങളും നേരില്‍ കണ്ട ശേഷം പഞ്ചായത്ത് സാമൂഹികനീതി മന്ത്രി ഡോ. എം കെ മുനീറുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. സാമൂഹിക സാമ്പത്തിക ശാക്തീകരണ പ്രക്രിയയിലൂടെ സ്ത്രീശാക്തീകരണം കൈവരിച്ച കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രിയേയും സംഘത്തെയും ഏറെ ആകര്‍ഷിച്ചു.
കുടുംബശ്രീ നടപ്പാക്കുന്ന വിവിധ സൂക്ഷ്മ സംരംഭങ്ങള്‍, സംഘകൃഷി, കുടുംബശ്രീ സാമൂഹിക സംഘടനാ സംവിധാനം എന്നിവയെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ മന്ത്രി ഒഡീഷ പോലുള്ള സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാന്‍ കഴിയും വിധം ഒട്ടേറെ മാതൃകകള്‍ കുടുംബശ്രീക്കുണ്ടെന്ന് പറഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഒഡീഷയില്‍ നടപ്പാക്കുന്നതിന് കുടുംബശ്രീയെ മന്ത്രി ക്ഷണിക്കുകയും ചെയ്തു.
കൂടിക്കാഴ്ചക്കിടെ കുടുംബശ്രീ സാമൂഹിക സംഘടനാ സംവിധാനം, വിവിധ സൂക്ഷ്മ സംരംഭങ്ങള്‍ എന്നിവയെ കുറിച്ച് കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഇന്‍ ചാര്‍ജ് പ്രിയാ പോള്‍ വിശദീകരിച്ചു. പ്രോഗ്രാം ഓഫീസര്‍മാരായ എ ജയകുമാര്‍, പ്രോജക്ട് ടീം ലീഡര്‍ ജേക്കബ് ചാണ്ടി, ന്യൂട്രിമിക്‌സ് ജനറല്‍ മാനേജര്‍ ജാസ്മി ബീഗം, പ്രോഗ്രാം മാനേജര്‍ ഷമീന, മൈക്രോ എന്റര്‍പ്രൈസ് കണ്‍ സള്‍ട്ടന്റ് അഖില കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Latest