ഉപരാഷ്ട്രപതി നാളെ കേരളത്തില്‍

Posted on: September 9, 2013 8:01 am | Last updated: September 9, 2013 at 8:01 am

hamid-ansari_13തിരുവനന്തപുരം: ദ്വിദിന സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി നാളെ കേരളത്തിലെത്തും. വൈകുന്നേരം ആറ് മണിക്ക് ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം എയര്‍ ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയിലെത്തുന്ന ഉപരാഷ്ട്രപതി 6.30 ന് യൂനിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ശ്രീനാരായണഗുരു ഗ്ലോബല്‍ സെക്കുലര്‍ ആന്‍ഡ് പീസ് അവാര്‍ഡ് സമ്മാനിക്കും. ചടങ്ങിനു ശേഷം 7.20 ന് ഉപരാഷ്ട്രപതി രാജ്ഭവനില്‍ എത്തിച്ചേരും. സെപ്തംബര്‍ 11ന് രാവിലെ 8.45 ന് വഴുതക്കാട് സ്ഥാപിക്കുന്ന ആനി മസ്‌ക്രീനിന്റെ പ്രതിമ ഉപരാഷ്ട്രപതി അനാച്ഛാദനം ചെയ്യും. തുടര്‍ന്ന് ഒമ്പത് മണിക്ക് കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രൊഫ. കെ എന്‍ പണിക്കര്‍ എഴുതിയ ഹിസ്റ്ററി ആസ് എ സ്ട്രഗിള്‍ പുസ്തകത്തിന്റെ പ്രകാശനം രാവിലെ 11 മണിക്ക് മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ അദ്ദേഹം നിര്‍വഹിക്കും. 11.30 ന് രാജ്ഭവനിലെത്തി വൈകുന്നേരം 4.30 ന് കവടിയാര്‍ പാര്‍ക്കില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 5.35 ന് വ്യോമസേനാ വിമാനത്തില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഡല്‍ഹിയിലേക്ക് മടങ്ങും.