Connect with us

National

മുസാഫര്‍ നഗര്‍ സംഘര്‍ഷം: മരണം 27 ആയി

Published

|

Last Updated

muzaffarnagar

മുസാഫര്‍ നഗര്‍: ഉത്തര്‍ പ്രദേശില്‍ സാമുദായിക സംഘര്‍ഷമുണ്ടായ മുസാഫര്‍ നഗര്‍ ജില്ലയയില്‍ സൈന്യം ഫഌഗ് മാര്‍ച്ച് നടത്തി. ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപത്തേഴായി. മുപ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കരസേനയെ കൂടാതെ ദ്രുതകര്‍മ സേനയുള്‍പ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങളെയും സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. നിരവധി പേരെ കാണാതായ സാഹചര്യത്തില്‍ മരണ സംഖ്യ ഉയരാനിടയുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍ രാജ് ശര്‍മ പറഞ്ഞു.

സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി എ ഡി ജി പി (ക്രമസമാധാനം) അറിയിച്ചു. ഇന്നലെ കാര്യമായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശനിയാഴ്ച രാത്രിയാണ് മുപ്പത് പേരെ അറസ്റ്റ് ചെയ്തത്. സാമുദായിക സംഘര്‍ഷമായതിനാല്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് എസ് പി പറഞ്ഞു. സംഘര്‍ഷം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനമായ ഉത്തരാഖണ്ഡില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആഗസ്റ്റ് 27ന് കവാല്‍ ഗ്രാമത്തില്‍ മൂന്ന് പേര്‍ മരിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. ശനിയാഴ്ച പത്രപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. എ ടി വി ചാനലിന്റെ റിപ്പോര്‍ട്ടറായ രാജേഷ് വര്‍മയാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടി നേതാക്കളുടെ പ്രത്യേക യോഗം ചേര്‍ന്നു. എസ് പി നേതാവ് മുലായം സിംഗ് യാദവിന്റെ വസതിയിലാണ് യോഗം ചേര്‍ന്നത്.
സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകന്റെ അടുത്ത ബന്ധുവിന് പതിനഞ്ച് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. മരിച്ച മറ്റുള്ളവരുടെ അടുത്ത ബന്ധുവിന് പത്ത് ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നല്‍കും.