യു എ ഇക്ക് യൂറോപ്യന്‍ പാര്‍ലമെന്റ് പാനല്‍ പിന്തുണ

Posted on: September 7, 2013 6:11 pm | Last updated: September 7, 2013 at 6:11 pm

ദുബൈ: യു എ ഇ പൗരന്മാര്‍ക്ക് വിസയില്ലാതെ യൂറോപ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പാനലിന്റെ പിന്തുണ. യൂറോപ്യന്‍ പാര്‍ലിമെന്റ് പാനല്‍ വിസ ഫ്രീ ട്രാവല്‍ അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നതിനാല്‍ ഭാവിയില്‍ യു എ ഇ പൗരന്മാര്‍ക്ക് യൂറോപ്പിലങ്ങോളമിങ്ങോളം സ്വതന്ത്രമായി സന്ദര്‍ശനം നടത്താന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാര്‍ലമെന്റിന്റെ പൗരസ്വാതന്ത്ര്യത്തിനും നീതിക്കും ആഭ്യന്തര കാര്യങ്ങള്‍ക്കുമുള്ള കമ്മിറ്റിയാണ് യു എ ഇ പൗരന്‍മാര്‍ക്ക് വിസ ഇല്ലാതെ രാജ്യത്ത് വന്നുപോകാന്‍ അനുമതി നല്‍കാന്‍ ശുപാര്‍ശ ചെയ്തത്.
വിസ അനുവദിച്ചാല്‍ അനധികൃത കുടിയേറ്റം സംഭവിക്കുമെന്ന് ഭയക്കേണ്ട കാര്യമില്ലെന്ന് കമ്മിറ്റി അംഗമായ മരിയ ഗബ്രിയേല്‍ വ്യക്തമാക്കി. ആരോഗ്യം, പഠനം, വിനോദസഞ്ചാരം, ബിസിനസ് ആവശ്യങ്ങള്‍ക്കാണ് യു എ ഇ പൗരന്മാര്‍ യൂറോപ്പിലേക്ക് വരുന്നത്. ഈ മാസം കമ്മിറ്റി റിപോര്‍ട്ടിംഗിന് മേല്‍ വോട്ടിംഗ് നടത്തും. ഇതിന് ശേഷം മുഴുവന്‍ അംഗ യൂറോപ്യന്‍ പാര്‍ലമെന്റിനു മുമ്പില്‍ ഇത് വെക്കും. അടുത്ത വര്‍ഷം മധ്യത്തോടെ യൂറോപ്യന്‍ കൗണ്‍സില്‍ മന്ത്രിമാരുടെ അഭിപ്രായത്തിനും ശേഷമാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക. ഈ വിഷയത്തില്‍ പാര്‍ലമെന്റ് അനുകൂലമായ തീരുമാനം കൈകൊണ്ടാല്‍ വിസ ഇല്ലാതെ യൂറോപ് സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമായി യു എ ഇ മാറും. യൂറോപ്യന്‍ യൂണിയനും യു എ ഇയും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണ് കമ്മിറ്റി റിപോര്‍ട്ട്.
കഴിഞ്ഞ ഏപ്രില്‍ മാസം ബെല്‍ജിയന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ യു എ ഇ പൗരന്‍മാര്‍ക്ക് വിസ ഇല്ലാതെ യൂറോപ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ അവസരം സൃഷ്ടിക്കണമെന്ന് യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആവശ്യപ്പെട്ടിരുന്നു.