ബസ് അപകടങ്ങളുടെ കാരണം കണ്ടെത്തി നടപടി സ്വീകരിക്കണം: എസ് വൈ എസ്‌

Posted on: September 7, 2013 2:09 am | Last updated: September 7, 2013 at 2:09 am

അരീക്കോട്: ജില്ലയില്‍ വര്‍ധിച്ചു വരുന്ന ബസ് അപകടങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എസ് വൈ എസ് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കുറഞ്ഞ സമയത്തിനകം ലക്ഷ്യസ്ഥാനത്തെത്താന്‍ അമിതവേഗത്തില്‍ ബസ് ഓടിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.
ബസ് ഉടമസ്ഥര്‍ ആവശ്യപ്പെടുന്നതനുസരിച്ച് യാതൊരു പരിശോധനയും നടത്താതെയാണ് ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതെന്ന് ആക്ഷേപമുണ്ട്. നിലവിലെ സമയക്രമം അമിതവേഗതയില്‍ ബസ് ഓടിക്കാന്‍ ഡ്രൈവര്‍മാര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമുണ്ട്.
ജില്ലയിലെ സ്വകാര്യ ബസ്സുകളടെ സമയക്രമം ശാസ്ത്രീയമായി പുനഃക്രമീകരിക്കണമെന്നും കെ എസ് ആര്‍ ടി സി മാതൃകയില്‍ യാത്രക്കിടയില്‍ സ്വകാര്യബസ്സുകള്‍ പരിശോധിക്കാന്‍ സംവിധാനമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ അടക്കം 13 പേര്‍ മരണപ്പെട്ട പെരിന്തല്‍മണ്ണ ദുരന്തില്‍ യോഗം അനുശോചിച്ചു.
പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഊരകം അബ്ദുറഹ്മാന്‍ സഖാഫി. പിഎം മുസ്തഫ മാസ്റ്റര്‍, അലവിക്കുട്ടി ഫൈസി എടക്കര, ത്വാഹിര്‍ സഖാഫി മഞ്ചേരി, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, ടി അലവി, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, കെപി ജമാല്‍ കരുളായി സംബന്ധിച്ചു.