സിറിയ: ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അമേരിക്ക ഒറ്റപ്പെട്ടു

Posted on: September 7, 2013 1:31 am | Last updated: September 7, 2013 at 1:31 am

obamaമോസ്‌കോ/സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: സിറിയന്‍ വിഷയത്തില്‍ ജി 20 ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചയില്‍ അമേരിക്കന്‍ നിലപാടിനെതിരെ ലോകരാഷ്ട്രങ്ങള്‍ ശക്തമായ നിലപാടെടുത്തു. സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചെന്ന ആരോപണം ഉയര്‍ത്തിക്കാട്ടി സൈനിക ആക്രമണം അനിവാര്യമാണെന്ന് വാദിച്ച അമേരിക്കക്ക് കേവലം ഫ്രാന്‍സിന്റെ പിന്തുണ മാത്രമാണ് ലഭിച്ചത്.
സിറിയന്‍ വിഷയത്തില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന ഒബാമയുടെ ആവശ്യത്തെ  തുര്‍ക്കി, കാനഡ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ഭാഗികമായി അനുകൂലിച്ചു. ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന റഷ്യയടക്കമുള്ള രാഷ്ട്രങ്ങള്‍ അമേരിക്കക്കെതിരെ ശക്തമായി രംഗത്തെത്തി. സിറിയന്‍ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ശവപ്പെട്ടിക്ക് മേലുള്ള അവസാനത്തെ ആണിയായിരിക്കുമെന്ന് റഷ്യന്‍ പ്രതിനിധി വ്യക്തമാക്കി. സിറിയക്കെതിരായ സൈനിക നടപടിയെ പിന്തുണക്കാനാകില്ലെന്നും അത് കൂടുതല്‍ രക്തരൂഷിതമായ ആക്രമണങ്ങള്‍ക്ക് വഴിവെക്കുകയേ ഉള്ളൂവെന്നും യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വ്യക്തമാക്കി.
സിറിയക്കെതിരെ സൈനിക ആക്രമണം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ഇതിന് വേണ്ടി സൈനിക സംവിധാനങ്ങള്‍ ശക്തമാക്കുകയും ചെയ്ത അമേരിക്ക ഒറ്റപ്പെടുന്ന കാഴ്ചയാണ് ജി 20 ഉച്ചകോടിയില്‍ കാണാന്‍ സാധിച്ചത്. സിറിയന്‍ വിഷയത്തില്‍ പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി യു എസ് പ്രസിഡന്റ് ബരാക് ഒബാമ സംസാരിച്ചിരുന്നു. എന്നാല്‍, അമേരിക്കയുടെ സഖ്യ രാഷ്ട്രങ്ങളായ പാശ്ചാത്യ രാജ്യങ്ങളൊഴികെ ഉച്ചകോടിയിലെ മറ്റ് അംഗങ്ങളൊന്നും സിറിയന്‍ വിഷയത്തില്‍ അമേരിക്കയെ അനുകൂലിച്ചില്ല.
ആക്രമണം നടത്തുന്നതുമായി ബന്ധപ്പെട്ട് യു എസ് കോണ്‍ഗ്രസില്‍ പ്രമേയം പാസ്സാക്കാനിരിക്കെ ഒബാമക്കും അമേരിക്കക്കും ഏറ്റ കനത്ത തിരിച്ചടിയായി ഇതിനെ മാധ്യമങ്ങള്‍ വിലയിരുത്തി. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍ കഴിഞ്ഞ മാസമുണ്ടായ രാസായുധ ആക്രമണത്തില്‍ ആയിരക്കണക്കിന് ജനങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അതിന് പിന്നില്‍ സിറിയന്‍ സൈന്യമാണെന്നും ഒബാമ ആരോപിച്ചു. എന്നാല്‍ രാസായുധ ആക്രമണം നടത്തിയത് വിമതരാണെന്ന സിറിയന്‍ പ്രസിഡന്റിന്റെ വിശദീകരണം പ്രസക്തമാണെന്നും ആരാണ് ആക്രമണം നടത്തിയത് എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വഌദ്മീര്‍ പുടിന്‍ വ്യക്തമാക്കി.
സിറിയക്കെതിരായ സൈനിക ആക്രമണങ്ങളടക്കമുള്ള നടപടികള്‍ നിയമവിരുദ്ധമാണെന്ന് ചൈനയുടെയും റഷ്യയുടെയും പ്രതിനിധികള്‍ ഉച്ചകോടിയില്‍ ഊന്നിപ്പറഞ്ഞു. യു എന്‍ രക്ഷാസമിതിയില്‍ സ്വീകരിച്ച സിറിയക്കനുകൂലമായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന രാഷ്ട്രങ്ങളാണ് ചൈനയും റഷ്യയും.